പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം (12) വാർഡ് മെമ്പർ രാജൻ.എസ് (കരുംകുളം രാജൻ) രാജിവച്ചു. ഇന്നലെയാണ് അദ്ദേഹം രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. മത്സ്യത്തൊഴിലാളികളെ പുനഃരധിവസിപ്പിക്കാൻ കേന്ദ്ര സർക്കാർ വാങ്ങിയ 95 സെന്റ് സ്ഥലം വകമാറ്റി വില്ലേജ് ഓഫീസ് നിർമ്മിക്കാനുള്ള ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയും ഭൂരഹിത ഭവനരഹിതരായിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ ഫ്ലാറ്റ് നിർമ്മിച്ച് നൽകാത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് കരുംകുളം രാജൻ പറഞ്ഞു.
ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം മെമ്പർ രാജന്റെ രാജി സ്വീകരിച്ച് രസീത് നൽകിയിട്ടുണ്ട്. പ്രസിഡന്റിനും അറിയിപ്പ് നൽകി. അടുത്ത് കൂടുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ രാജിക്കത്ത് ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി മിനി പറഞ്ഞു.