തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് 27 ഡാമുകൾ തുറക്കേണ്ടിവന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു തുടങ്ങി. പ്രളയ സാഹചര്യം മുന്നിൽകണ്ടാണ് നടപടി. ചാലക്കുടിയിലാണ് അപകടകരമായ സാഹചര്യം. പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ തുറന്നതോടെയാണ് ചാലക്കുടി കനത്ത ആശങ്കയിലായത്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പ്രദേശവാസികൾ പ്രളയ ഭീതിയിലാണ്.
പുഴയോരത്തുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. 33 ക്യാമ്പുകൾ തുറന്ന് അയ്യായിരത്തോളംപേരെയാണ് ഒഴിപ്പിച്ചത്. മന്ത്രി കെ. രാജൻ ചാലക്കുടിയിലെത്തി സാഹചര്യം വിലയിരുത്തി. പുഴയിലെ ഒഴുക്ക് ഗൗരവതരമെന്ന് മന്ത്രി പറഞ്ഞു. ഈ ഭാഗത്ത് ശക്തമായ മഴ തുടരുകയാണ്. ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര,കുന്നുകര,ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം.
സംസ്ഥാനത്താകെ പതിനായിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളംകയറി കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 2018ലും 19ലുമുണ്ടായ പ്രളയദുരന്തം ആവർത്തിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. പമ്പയിലും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നു. ജലനിരപ്പ് 136.06 അടിയിലെത്തിയ മുല്ലപ്പെരിയാർ ഡാം ഇന്നു രവിലെ 10ന് തുറക്കും.മലമ്പുഴ ഡാമും രാവിലെ തുറക്കും.
തിങ്കളാഴ്ചവരെ ശക്തമായ മഴ തുടരും. ഇന്ന് ഒരിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. കൊല്ലത്ത് തെന്മല ഡാം ഇന്നുരാവിലെ 11ന് തുറക്കുന്നതോടെ കല്ലടയാറ്റിൽ 90 സെ.മീറ്റർ വരെ ജലനിരപ്പുയരും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു.
പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലും ജലനിരപ്പ് ഉയർന്നു. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ഗവി പാതയിൽ അരണമുടിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പെരിയാറിലും മുവാറ്റുപുഴയാറിലും ജലനിരപ്പ് അപകടകരമായ നിലയിലാണ്.
ജാഗ്രത, മുൻകരുതൽ
പെരിങ്ങൽകുത്ത് ഡാമിലെ നാല് എമർജൻസി ഷട്ടറുകളും ഷോളയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതോടെയാണ് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. തമിഴ്‌നാട്ടിലെ അപ്പർ ഷോളയാർ ഡാം തുറന്നതാണ് കേരള ഷോളയാറിലേക്ക് കൂടുതൽ വെള്ളമെത്താൻ കാരണം. ഇവിടെ നിന്ന് പെരിങ്ങൽക്കുത്തിലേക്കെത്തും. പറമ്പിക്കുളത്ത് നിന്നും 18,000 ഘനയടി വെള്ളമാണ് പെരിങ്ങൽകുത്തിലെത്തുന്നത്. ഇവിടെനിന്ന് സെക്കൻഡിൽ 40,000 ഘനയടി വെള്ളം ചാലക്കുടിപ്പുഴയിലേക്ക് വിടുന്നു.
9 ജില്ലകളിൽ അവധി
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,എറണാകുളം,തൃശൂർ,ഇടുക്കി,വയനാട്,പാലക്കാട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എം.ജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി.
മരണം 19
കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതുൾപ്പെടെ ഇന്നലെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം19 ആയി. കാസർകോട്ട് ചെറുപനത്തടി മൂലപ്പള്ളിൽ എം.രാഘവൻ (64) തോട്ടിൽ വീണു മരിച്ചു.
തൃശൂരിൽ ചേറ്റുവ അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളായ തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയന്റെ (വർഗീസ്, 46 ) മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു. കാസർകോട് കൂരാംകുണ്ടിൽ പുഴയിൽ വീണ് കാണാതായ റിട്ട.അദ്ധ്യാപിക ലതയുടെ (57) മൃതദേഹം കണ്ടെത്തി.
27 ഡാമുകൾ തുറന്നു
ലോവർപെരിയാർ, കല്ലാർകുട്ടി, പൊന്മുടി, ഇരട്ടയാർ, കുണ്ടള, മൂഴിയാർ, പൊരിങ്ങൽകുത്ത്, ഷോളയാർ, അരുവിക്കര, പേപ്പാറ, തുണക്കടവ്, പറമ്പിക്കുളം, ആളിയാർ, നെയ്യാർ, മംഗലം, മലങ്കര, ശിരുവാണി, ചിമ്മിനി, കുറ്റിയാടി, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്,
മൂലത്തറ, പഴശി