pension

തിരുവനന്തപുരം: സർക്കാർ അനുതിയില്ലാതെയും ,ചട്ടങ്ങൾ പാലിക്കാതെയും പെൻഷൻ തുകയിൽ കുറവ് വരുത്തുന്നത് തടഞ്ഞ് ഉത്തരവിറക്കി.

അച്ചടക്ക നടപടിയുടെ ഭാഗമായി പല വകുപ്പുകളിലും ചട്ടങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ കുറവ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. നിലവിലുള്ള ചട്ടങ്ങളുടെ നടത്തിപ്പിൽ വ്യക്തത വരുത്താനാണ് പുതിയ ഉത്തരവ് .ഇതിൽ ,കേരള സർവ്വീസ് ചട്ടം മൂന്നാം ഭാഗത്തിലെ 2,3,59 വകുപ്പുകൾ പ്രകാരം സ്വീകരിക്കേണ്ട നടപടികളും പാലിക്കേണ്ട വ്യവസ്ഥകളും വ്യക്തമായിട്ടുണ്ട്. ഭാവിയിലെ നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥയോടെയാണ് സർക്കാർ പെൻഷൻ നൽകുന്നത്. നല്ല പെരുമാറ്റം ലംഘിച്ചത് എങ്ങിനെ വിലയിരുത്താമെന്ന് ചട്ടങ്ങളിലുണ്ട്. ഇത് തെറ്റായി വ്യാഖ്യാനിച്ചാണ് പല വകുപ്പുകളിലും നടപടിയെടുക്കുന്നത്. പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ തുക കുറവ് ചെയ്യണമെങ്കിൽ അത് ഏത് സാഹചര്യത്തിലാണെങ്കിലും സർക്കാർ അനുമതി വേണം. പബ്ളിക് സർവ്വീസ് കമ്മിഷന്റെ ഉപദേശം തേടണം. അക്കൗണ്ടന്റ് ജനറലിനെ അറിയിക്കണം. സ്വന്തം ഭാഗം വിശദീകരിക്കാൻ പെൻഷൻകാരന് അവകാശം നൽകണം. പെൻഷൻ തുകയുടെ മൂന്നിലൊന്നിൽ കൂടാത്ത തുക മാത്രമേ ശിക്ഷാനടപടിയുടെ ഭാഗമായി കുറവ് വരുത്താവൃ.

ഗ്രാറ്റുവിറ്റി തുകയിൽ നിന്ന് സർക്കാർ ബാദ്ധ്യത ഈടാക്കാനാവില്ലെന്നും ഉത്തരവിലുണ്ട്. ജീവനക്കാരന് സർക്കാരിലേക്ക് എന്തെങ്കിലും ബാദ്ധ്യതയുണ്ടെങ്കിൽ വിരമിക്കുന്നതിന് മുമ്പോ, വിരമിച്ച് മൂന്ന് വർഷത്തിനുള്ളിലോ ജീവനക്കാരന്റെ സമ്മതത്തോടെ മാത്രമേ ഗ്രാറ്റുവിറ്റിയിൽ നിന്ന് തുക കുറവ് ചെയ്യാവൃ.പെൻഷൻകാരനെ കോടതി ശിക്ഷിക്കുകയോ, ഒരു മാസത്തിൽ കൂടുതൽ കാലം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ അക്കാര്യം ജയിൽ സൂപ്രണ്ട് ട്രഷറി വഴി സർക്കാരിനെ അറിയിച്ച് പെൻഷൻ തുക തടയാനാകും.എന്നാലിതും സർക്കാർ അനുമതിയോടെയാണ് നടപ്പാക്കേണ്ടത്.