rain

തിരുവനന്തപുരം: നഗരത്തിൽ മഴ കനത്തെങ്കിലും പതിവ് വെള്ളക്കെട്ട് കേന്ദ്രങ്ങളായ തമ്പാനൂരിലും കിഴക്കേകോട്ടയിലും പഴവങ്ങാടിയിലും ഇത്തവണ വെള്ളപ്പൊക്കമുണ്ടായില്ല. നഗരത്തിലെ ആമയിഴഞ്ചാൻ തോടുകളിൽ മാലിന്യ നീക്കവും ഓടകളുടെ വൃത്തിയാക്കലും ഫലപ്രദമായതാണ് വെള്ളക്കെട്ട് ഉണ്ടാകാതിരുന്നതെന്നാണ് വിലയിരുത്തൽ. ജലസേചന വകുപ്പിന്റെ നിർണായക ഇടപെടലിലാണ് ജലസ്രോതസുകളിലെ വിവിധ ജോലികൾ ഉൾപ്പെടുന്ന വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി ഫലം കണ്ടത്. റോഡ് ഫണ്ട് ബോർഡ്, പി.ഡബ്യു.ഡി, റെയിൽവേ, ജലസേചന വകുപ്പ്,കോർപ്പറേഷൻ എന്നിവയുടെ ഓടകളാണ് നഗരത്തിലുള്ളത്.

മാലിന്യം കെട്ടി നിന്നും, ഒഴുക്കിലൂടെ വന്ന് അടിയുന്ന മണൽ തങ്ങി നിന്നും വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് നിലയ്ക്കുന്നതുമാണ് ഓട നിറഞ്ഞൊഴുകുന്നതിന് കാരണമായിരുന്നത്. എന്നാൽ ഇത്തവണ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കൽ ജോലികൾ ഭൂരിഭാഗവും പൂർത്തിയാക്കിയത് നിർണായകമായി. പാർവതി പുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടുന്നത് ഏറക്കുറെ ഒഴിവാക്കിയതും നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ സഹായകമായി. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ അഞ്ച് സെന്റിമീറ്റർ വരെ വെള്ളം ഉയരാറുണ്ടായിരുന്നിടത്തും വെള്ളംപൊങ്ങിയില്ല. നഗരത്തിലെ പത്ത് പ്രധാന ജലസ്രോതസുകളിലാണ് എട്ട് കോടി രൂപയുടെ വെള്ളപ്പൊക്ക ലഘൂകരണ പദ്ധതികൾ നടത്തിയത്. പഴവങ്ങാടി തോട്, ഉള്ളൂർ തോട്, കരിയിൽ തോട്, കരിമാടം കുളം, തെക്കനകര കനാൽ, കിള്ളിയാർ, കരമനയാർ, പാർവതി പുത്തനാർ, തെറ്റിയാർ തോട് എന്നിവിടങ്ങളിൽ 3.81 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കിള്ളിയാർ, കരമനയാർ, പഴവങ്ങാടി തോട് എന്നിവിടങ്ങളിൽ 4.24 കോടി രൂപയാണ് ചെലവാക്കുന്നത്. ഉള്ളൂർ തോട് നവീകരണം നഗരസഭയും ആരംഭിച്ചിരുന്നു.