
തിരുവനന്തപുരം: ജൂലായ് നാലിന് നടത്തിയ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചിക സംബന്ധിച്ച പരാതികൾ വിദഗ്ദ്ധസമിതി പരിശോധിച്ച് ഭേദഗതികൾ വരുത്തിയ ശേഷമാണ് സ്കോർ പ്രസിദ്ധീകരിച്ചത്.
ഒന്നാം പേപ്പറിലെ ഫിസിക്സ് വിഭാഗത്തിൽ നിന്നുള്ള മൂന്നു ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കി. ഒന്നാം പേപ്പറിലെ നാലു ചോദ്യങ്ങളുടെ ഉത്തരത്തിൽ മാറ്റമുണ്ട്. രണ്ടാം പേപ്പറിലെ ചോദ്യങ്ങൾ ഒഴിവാക്കിയിട്ടില്ല. ഭേദഗതി വരുത്തിയ അന്തിമ ഉത്തരസൂചികയും വിശദാംശങ്ങളും വെബ്സൈറ്റിൽ.
പ്രവേശന പരീക്ഷയുടെയും ഹയർസെക്കൻഡറി പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെയും സ്‌കോറിനു തുല്യ പരിഗണന നൽകി സമീകരിച്ച ശേഷമായിരിക്കും എൻജിനിയറിംഗ് റാങ്ക് പട്ടിക തയാറാക്കുക. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഫാർമസി റാങ്ക് പട്ടിക തയാറാക്കുക. അപേക്ഷയിലെ പിഴവു തിരുത്തുന്നതിനുള്ള രേഖകൾ നൽകാത്തവരുടേതടക്കം ഫലം തടഞ്ഞു വച്ചിട്ടുണ്ട്. ഒ.എം.ആർ മൂല്യനിർണയം ആയതിനാൽ പ്രവേശന പരീക്ഷയ്ക്ക് പുനർമൂല്യനിർണയമോ സൂക്ഷ്മ പരിശോധനയോ ഇല്ല. ഹെൽപ്പ് ലൈൻ- 04712525300