rain

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക വിട്ടുമാറാതെ നിൽക്കുകയാണ് അന്തരീക്ഷം. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ഞായറാഴ്ച തുടങ്ങിയ മഴയുടെ തീവ്രത ഇന്നലെ മുതൽ ചെറുതായി കുറഞ്ഞെങ്കിലും ഇന്നലെയും ഇടവിട്ട് പെയ്തു. കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്.

ജില്ലയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 43 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വാമനപുരം,കരമനയാർ,നെയ്യാർ എന്നിവയിലെ നീരൊഴുക്ക് ഇനിയും കുറഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 9 വീടുകൾ ഇന്നലെ ഭാഗികമായും രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു.ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസമായി 31 വീടുകളാണ് ഭാഗികമായി തകർന്നത്.നെടുമങ്ങാട് താലൂക്കിൽ 11 വീടുകളും കാട്ടാക്കട,വർക്കല താലൂക്കുകളിൽ മൂന്നു വീടുകൾ വീതവും, നെയ്യാറ്റിൻകര,ചിറയിൻകീഴ് താലൂക്കുകളിൽ രണ്ട് വീടുകൾ വീതവും, തിരുവനന്തപുരം താലൂക്കിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്.കഴിഞ്ഞ ദിവസം ചാവക്കാട്ടു നിന്ന് മത്സ്യബന്ധനത്തിന് പോയ പുല്ലുവിള സ്വദേശി മരണപ്പെട്ടിരുന്നു.


4.56 കോടിയുടെ കൃഷിനാശം

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ 4.56 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 146.9 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. വിവിധ കൃഷിമേഖലകളിലായി 1,803 കർഷകരെ ഇത് ബാധിച്ചതായും പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അറിയിച്ചു. ജൂലായ് 31 മുതൽ ആഗസ്റ്റ് നാലുവരെയുള്ള കണക്കുപ്രകാരമാണിത്. 13 ഹെക്ടർ പ്രദേശത്തെ മരച്ചീനി, 78.69 ഹെക്ടർ പ്രദേശത്തെ വാഴകൃഷി, 42.2 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷി, മൂന്ന് ഹെക്ടർ നെൽ കൃഷി എന്നിങ്ങനെയാണ് വിളകളുടെ നഷ്ടക്കണക്ക്.