വിതുര:വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുശ്മശാനം നിർമ്മിക്കുന്നു. പഞ്ചായത്തിലെ ജനവാസം കുറവുള്ള മേമലവാർഡിലെ പന്നിക്കുഴിക്ക് സമീപമാണ് ശ്മശാനം നിർമ്മിക്കുന്നത്. ആര്യനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഇവിടെ നിർമ്മിക്കുന്ന ശ്മശാനം മൂന്ന് പഞ്ചായത്തുകൾക്ക് ഉപയോഗപ്രദമാകും. ശ്മശാനം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് 23 ലക്ഷം രൂപ വിനിയോഗിച്ച് 45 സെന്റ് സ്ഥലം വാങ്ങി. ആദ്യഘട്ടനിർമ്മാണപ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എം.പി, എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ബന്ധപ്പെട്ട് കൂടുതൽ ഫണ്ട് കണ്ടെത്തി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനാണ് തീരുമാനം. പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വൈദ്യുതിശ്മശാനമാണ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത്. വിതുരയിൽ പൊതുശ്മശാനം നിർമ്മിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് മുൻകൈയെടുത്ത് ശ്മശാനം നിർമിക്കുവാൻ തീരുമാനിക്കുകയായിരുന്നു. .2023 മാർച്ചിൽ പണി പൂർത്തീകരിക്കുമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അറിയിച്ചു .പൊതുശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം
ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ നടത്താനിരുന്നതാണ്. പ്രതികൂലകാലാവസ്ഥ നിമിത്തം അടുത്തമാസത്തേക്ക് മാറ്റുകയായിരുന്നു.