
വിതുര: കനത്തമഴയെ തുടർന്ന് പൊൻമുടിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കമ്പിമൂട്ടിൽ നിന്ന് പനയം, പൊൻമുടി, പുതുക്കാട് എസ്റ്റേറ്റ് ഭാഗത്തേക്ക് പോകുന്ന റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പൊൻമുടി മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശത്തെ തിട്ട ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിനോടൊപ്പം കൂറ്റൻപാറകളും റോഡിലേക്ക് വീണു. ഇതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. പനയം പൊൻമുടിയിൽ നൂറോളം പേർ താമസിക്കുന്നുണ്ട്. ഗതാഗതം നിലച്ചതോടെ ഇവർ പൂർണമായും ഒറ്റപ്പെട്ടു. മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പൊൻമുടി വനമേഖലയിൽ മഴ ശക്തിപ്രാപിച്ചതോടെ നദികൾ നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.