ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്കുവന്ന ഫൈബർ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു.വളളത്തിലുണ്ടായിരുന്ന റോഷൻ(26), വിജയൻ (35) എന്നിവരെ പിറകേവന്ന ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ജോസ് (41) എന്ന ആൾ നീന്തി കരയ്ക്കടുത്തു. മറിഞ്ഞ വളളത്തിലുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുളള കല്യാണി മാതാ വള്ളമാണ് മറിഞ്ഞത്. തകർന്ന വള്ളം ഹാർബറിലേക്ക് മാറ്റി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് 11 .30 ഓടെയായിരുന്നു അപകടം. രാവിലെ 6 മണിക്കാണ് മൂന്നംഗ സംഘം കടലിൽ പോയത്. മീനുമായി തിരിച്ച് ഹാർബറിന്റെ അഴിമുഖം കടക്കുമ്പോഴായിരുന്നു അപകടം. വളളം തലകീഴായി മറിയുകയായിരുന്നു. തിരയടിയിൽ മണൽത്തിട്ട രൂപപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. അടിയന്തരമായി ഡ്രഡ്ജ്ജിംഗ് നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. എസ്.എച്ച്.ഒ കണ്ണൻ, എസ്.ഐ ജോയി, രാജു, സജി അലോഷ്യസ് , ഷെർജിൻ മണി, പ്രവീൺ സിറിൾ, കോസ്റ്റൽ വാർഡന്മാരായ സിറാജ്, ജോജി, വർഗ്ഗീസ്, ടെറിൻ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.