augu05a

ആറ്റിങ്ങൽ: 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള ദേശീയപതാകയുടെ നിർമ്മാണ ചുമതല ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് കുടുംബശ്രീ യൂണിറ്റുകൾക്ക്. നന്മ, വിഗ്നേശ്വര എന്നീ അയൽക്കൂട്ട യൂണിറ്റുകളിലായി 13 വനിതകളാണ് പതാകയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം ഈ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കുന്ന ആദ്യത്തെ കുടുംബശ്രീ സി.ഡി.എസും ആറ്റിങ്ങലാണ്.ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ,വാർഡ് കൗൺസിലർ ജീവൻലാൽ എന്നിവർ യൂണിറ്റംഗങ്ങളെ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

വലിപ്പവും തുണിത്തരവുമനുസരിച്ച് 20 മുതൽ 40 രൂപ വരെയാണ് പതാകയുടെ വില. രണ്ടു ദിവസംകൊണ്ട് 1000 പതാക നിർമ്മിച്ചു. മഞ്ചാടിക്കിളികൾ ബാലസഭയിലെ കുരുന്നുകളും പതാക നിർമ്മാണത്തിൽ മുതിർന്നവരെ സഹായിക്കുന്നു. നഗരത്തിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും 4000 രൂപയുടെ ഓർഡറും തലസ്ഥാനത്തെ എൻ.സി.സി ഡിപ്പാർട്ട്മെന്റിലേക്കുള്ള 1000 പതാകയുടെ ഓർഡറും ഇതിനകം ലഭിച്ചുകഴിഞ്ഞു. 13ന് മുമ്പായി പതാകകൾ നിർമ്മിച്ചു നൽകും.കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി സപ്ലൈകൊ പോലുള്ള സ്ഥാപനങ്ങൾക്ക് തുണി സഞ്ചി നിർമ്മിച്ചു നൽകാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.