anas

വെഞ്ഞാറമൂട്: കന്യാകുമാരിയിൽ നിന്ന് കാശ്‌മീരിലേക്കുള്ള സ്കേറ്റിംഗ് ബോർഡ് യാത്രയ്ക്കിടെ ഹരിയാനയിൽ വച്ച് ട്രക്കപകടത്തിൽ പൊലിഞ്ഞ വെഞ്ഞാറമൂട് തേമ്പാംമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരുത്തിപ്പാറ സുമയ്യ മൻസിലിൽ അനസ് ഹജാസിന്റെ (31) മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ കബറടക്കി. ലക്ഷ്യസ്ഥാനത്തിന് അരികെ വിധി ജീവൻ തട്ടിയെടുത്ത അനസിന്റെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാൻ നിരവധി പേരാണ് ഇന്നലെ എത്തിയത്. തിരുവന്തപുരം എയർപോർട്ടിലെത്തിച്ച മൃതദേഹം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുല്ലമ്പാറയിലെത്തിച്ച് മരുതുംമൂട്ടിലെ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചത്. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് 5ഓടെ ചുള്ളാളം ജുമാമസ്ജിദിൽ കബറടക്കി. അനസ് സ്കേറ്റിംഗ് ബോർഡിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ട്രക്ക് ഇടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 29ന് ആണ് അനസ് കന്യാകുമാരിയിൽ നിന്ന് ഒറ്റയ്ക്ക് യാത്ര തുടങ്ങിയത്. മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങൾ പിന്നിട്ട് ഹരിയാനയിലെ ബഞ്ചാരിയിൽ എത്തിയതെന്നും 300 കിലോമീറ്റർ കൂടി സഞ്ചാരിച്ചാൽ കാശ്മീരിൽ എത്തുമെന്നും അനസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അനസ് ടെക്നോപാർക്കിലും ബീഹാറിലെ ഒരു സ്കൂളിലും ജോലി നോക്കിയിരുന്നു. അതെല്ലാം ഉപേക്ഷിച്ചാണ് സ്കേറ്റിംഗിലേക്ക് ഇറങ്ങിയത്. അനസ് മറ്റാരുടെയും സഹായമില്ലാതെയാണ് സ്കേറ്റിംഗ് പരിശീലനം നേടിയത്. നാട്ടിലെ ഇടവഴികളിലും സ്കൂൾ ഗ്രൗണ്ടിലും പരിശീലനം നടത്തിയിരുന്ന അനസിന് കാശ്മീർ യാത്രയെക്കുറിച്ച് ആലോചിക്കാൻ രണ്ടുദിവസമേ വേണ്ടിവന്നുള്ളൂവെന്ന് ബന്ധുക്കൾ പറയുന്നു. കാശ്മീർ യാത്രയ്ക്ക് ശേഷം ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ എന്നീ രാജ്യങ്ങളിലേക്ക് സ്കേറ്റിംഗ് യാത്രയ്ക്ക് പദ്ധതിയിട്ടിരിക്കുമ്പോഴാണ് വിധി ജീവൻ തട്ടിയെടുത്തത്. അലിയാർ കുഞ്ഞ് - ഷൈലജ ബീവി ദമ്പതികളുടെ മകനാണ് അനസ്. സഹോദരങ്ങൾ: അജിംഷാ, സുമയ്യ. ഡി.കെ. മുരളി എം.എൽ.എ, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സാംസ്‌കാരിക സാമൂഹിക നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

 ഫോട്ടോ: അനസിന്റെ ഭൗതികശരീരത്തിൽ ഡി.കെ. മുരളി എം.എൽ.എ അന്തിമോപചാരം അർപ്പിക്കുന്നു

- മൃതദേഹം മരുതുംമൂട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ

- അനസ് ഹജാസ്