kk

വർക്കല: വിനോദസഞ്ചാരകേന്ദ്രമായ കാപ്പിലിലെ റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും കാട് കയറി ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രമായിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാരും പരിസരവാസികളും പരാതിയുമായി രംഗത്ത്. വിനോദസഞ്ചാര കേന്ദ്രം കൂടിയായതിനാൽ നിത്യേന ധാരാളം വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്.

കാപ്പിൽ പ്രദേശത്തെ നിർണായക റെയിൽവേ സ്റ്റേഷൻ കാട്ടുചെടികൾ പടർന്നുപന്തലിച്ച് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ വീതി പോലും പകുതിയായി കുറഞ്ഞിട്ടുണ്ട്. യാത്രക്കാർ പ്ലാറ്റ്ഫോമിന്റെ ഓരം ചേർന്ന് നിൽക്കേണ്ട ഗതികേടിലാണ്. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. പ്ലാറ്റ്ഫോമിന്റെ അരികിലൂടെ നടന്നുപോകുന്നവരെ ട്രെയിൻ തട്ടി അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ജനവാസം ഏറിയ പ്രദേശമായതിനാൽ പ്രദേശവാസികൾ സ്റ്റേഷൻ മറികടന്നാണ് വീടുകളിലേക്കും വിവിധ ആവശ്യങ്ങൾക്കായി കാപ്പിൽ ജംഗ്ഷനിലെ മെയിൻ റോഡിലേക്കും എത്തുന്നത്. കൂടാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷൻ പരിസരത്ത് കൂടിയാണ് കാൽനടയായി സഞ്ചരിക്കുന്നത്. ഇവരുടെ സുരക്ഷയും രക്ഷിതാക്കൾക്ക് വലിയ ആശങ്കയായി മാറിയിട്ടുണ്ട്.

വഴിനടക്കാൻ വയ്യ...

നീണ്ട നാളത്തെ കൊവിഡ്പ്രതിസന്ധിക്ക് ശേഷം പാസഞ്ചർ, മെമു, സർവീസുകൾക്ക് സ്റ്റേഷനിൽ അടുത്തകാലത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. രണ്ട് വർഷക്കാലം പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാതായതിനെ തുടർന്നാണ് സ്റ്റേഷൻ പരിസരശുചീകരണം ആകെ താറുമാറായത്. അടുത്തകാലത്ത് ചില സന്നദ്ധ സംഘടനകൾ റെയിൽവേയുടെ അനുമതിയോടെ സ്റ്റേഷനും പരിസരവും ശുചീകരിച്ചിരുന്നു. മെമു ഉൾപ്പെടെ 5 ഷട്ടിൽ സർവീസുകൾക്കാണ് ഇവിടെ സ്റ്റോപ്പ് ഉള്ളത്. റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള വർഷങ്ങൾ പഴക്കമുള്ള റെയിൽവേ കോർട്ടേഴ്‌സും കാടുകയറി നശിച്ചിട്ട് നടപടി ഉണ്ടാകുന്നില്ല. രാത്രികാലത്ത് യാത്രക്കാർക്ക് ഇഴജന്തു ശല്യത്തെ തുടർന്ന് ഇതുവഴി സഞ്ചരിക്കാനും കഴിയുന്നില്ല.

മോടിപിടിപ്പിക്കൽ മാത്രം

. റെയിൽവേ ഉദ്യോഗസ്ഥർ വർഷാവർഷം പരിശോധനയ്ക്ക് എത്തുന്ന അവസരത്തിൽ ചില തട്ടിക്കൂട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും സ്റ്റേഷൻ ചായം പൂശി മോഡി പിടിപ്പിക്കുന്നത് അല്ലാതെ മറ്റ് ശാശ്വതമായ നടപടികളൊന്നും തന്നെ ഉണ്ടാകുന്നുല്ല. റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ളവർക്ക് മെയിൻ റോഡിൽ എത്തണമെങ്കിൽ ട്രാക്ക് മുറിച്ചു കടക്കേണ്ട അവസ്ഥയാണ്.

നടപടി വേണം

ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം ഇനിയും നിറവേറ്റിയിട്ടില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ അവസ്ഥയും സമാന രീതിയിലാണ്. ട്രെയിൻ കടന്നു വരുന്നത് പോലും കാണാൻ കഴിയാത്ത വിധത്തിലാണ് കാട്ടുചെടികൾ പടർന്നു പന്തലിച്ച്കിടക്കുന്നത്. ഇക്കാര്യത്തിൽ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുന്നതിന് തയ്യാറാകണമെന്നാണ്

യാത്രക്കാരും പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.