nisham

തിരുവനന്തപുരം: തൃശൂർ ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബാബുവിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ വീണ്ടും കേസ്. ചന്ദ്രബാബു വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ കഴിഞ്ഞ മാസം നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ച് പൊളളിച്ചെന്നാരോപിച്ചാണ് പൂജപ്പുര പൊലീസ് കേസെടുത്തത് .ജയിൻ സന്ദർശന വേളയിൽ ജില്ലാജഡ്ജി മുമ്പാകെ നസീർ നൽകിയ പരാതിയിലാണിത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്-:ഇക്കഴിഞ്ഞ ജൂൺ 24നാണ് സംഭവമെന്നാണ് നസീറിന്റെ മൊഴി.പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്ക് പോകുന്നയാളാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു. നിഷാമിന്റെ പ്രേരണയോടെ ബിനു നസീറിന്റെ കാലിൽ ചൂടുവെള്ളമൊഴിച്ചെന്നാണ് പരാതി. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞാണ് പൊള്ളലേറ്റ സമയത്ത് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവം നടക്കുമ്പോൾ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാമെന്ന് ജയിൽ അധികൃതർ പറഞ്ഞത്. നസീറിന്റെ പരാതിയിൽ ദുരൂഹതയുള്ളതായി പൊലീസും സംശയിക്കുന്നു. .

2015 ജനുവരി 29ന്​ ഗേറ്റ്​ തുറക്കാൻ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ നിസാം ത​ന്റെ ഹമ്മർ കാറിടിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചത്​. ചികിത്സയിലായിരുന്ന ചന്ദ്രബോസ്​ ഫെബ്രുവരി 16ന്​ മരിച്ചു.കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് 2016 ജനുവരി 21ന്​ തൃശൂർ അഡീഷണൽ സെഷൻസ്​ കോടതി ജീവപര്യന്തവും 24 വർഷം തടവും ശിക്ഷ വിധിച്ചു. വിയ്യൂർ , കണ്ണൂർ സെൻട്രൽ ജയിലുകളിലായിരുന്ന നിഷാമിനെ എൻ.ഐ.എ രജിസ്​റ്റർ ചെയ്​ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതായ ഇന്റലിജൻസ്​ റിപ്പോർട്ടിനെ തുടർന്നാണ്​ നാലു വർഷം മുമ്പ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.