pp

 15ന് ഡി.സി.സി പതിനായിരം കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി നേതൃത്വം നൽകുന്ന പദയാത്രകൾ ആഗസ്റ്റ് 9ന് ആരംഭിച്ച് 13ന് സമാപിക്കും. വിവിധ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പദയാത്ര.

ആഗസ്റ്റ് 9 മുതൽ 15 വരെ സാംസ്‌കാരിക സദസ്സുകളും വിപുലമായ പതാക ഘോഷയാത്രകളും പതാക വന്ദനവും സംഘടിപ്പിക്കുമെന്ന് പാലോട് രവി അറിയിച്ചു.

ആഗസ്റ്റ് 9ന് നെയ്യാറ്റിൻകര, ചെങ്കൽ, പാറശാല ബ്ലോക്കുകളിലും 10ന് വർക്കല, നാവായിക്കുളം, കിളിമാനൂർ, കല്ലറ ബ്ലോക്കുകളിലും 11ന് നെടുമങ്ങാട്, അരുവിക്കര, ആര്യനാട്, വെള്ളറട ബ്ലോക്കുകളിലും 12ന് ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം ബ്ലോക്കുകളിലുമാണ് പദയാത്ര.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.മുരളീധരൻ എം.പി, എം.എം.ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.ശ്രീകുമാർ, എം.എൽ.എമാരായ എം.വിൻസന്റ്, സി.ആർ. മഹേഷ് , ടി.സിദ്ദിഖ്, മുൻ എം.എൽ.എ വി.ടി.ബൽറാം എന്നിവർ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
ആഗസ്റ്റ് 13 ന് പദയാത്രയുടെ സമാപനവും ഭാരതീയം'സ്വാതന്ത്ര്യ ദിനാഘോഷ സാംസ്‌കാരിക സദസ്സും തിരുവനന്തപുരം നഗരത്തിൽ നടക്കും. വൈകിട്ട് 4 ന് പാളയം ആശാൻ സ്‌ക്വയറിൽ നിന്ന് ഗാന്ധിപാർക്കിലേക്ക് നടത്തുന്ന പതാകഘോഷയാത്ര കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് 14ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിജി നമ്മുടെ വെളിച്ചം' എന്ന ബാനറിൽ സാംസ്‌കാരിക സദസ്സുകൾ സംഘടിപ്പിക്കും .ആഗസ്റ്റ് 15ന് രാവിലെ 8.30ന് പതിനായിരം കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി പതാക വന്ദനം നടത്തും.