
തിരുവനന്തപുരം: ജന്മനാ മലബന്ധ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന തമിഴ്നാട് സ്വദേശിയായ മൂന്ന് വയസുകാരൻ കിംസ് ഹെൽത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കിംസിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർമാർ കുട്ടിയുടെ രോഗം കണ്ടുപിടിക്കുകയും പീഡിയാട്രിക് സർജറി വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.
സാധാരണ ശസ്ത്രക്രിയയ്ക്ക് പകരം താക്കോൽദ്വാര ശസ്ത്രക്രിയ നടത്താനാണ് കിംസ് ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം തീരുമാനിച്ചത്. ഇടത്തരം സാമ്പത്തികാവസ്ഥയിലുള്ള കുടുംബം ഇൻഷ്വറൻസ് പദ്ധതികളിൽ അംഗമാകാത്തതിനാൽ ചികിത്സാചെലവ് താങ്ങാനാകാത്ത സാഹചര്യം ബോദ്ധ്യപ്പെട്ടതിനാൽ ചികിത്സാചെലവിൽ ഏറിയ പങ്കും കിംസ് വഹിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കിംസ്‌ഹെൽത്തിലെ പീഡിയാട്രിക് വിഭാഗം സർജൻ ഡോ.റെജു ജോസഫ് തോമസ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസമുണ്ടായ അപ്രതീക്ഷിത സ്ഥിതി മൂലം അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി കുട്ടിയെ വിധേയനാക്കി.
ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തി കുട്ടിയെ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന് ഡോ. റെജു പറഞ്ഞു. ഡോ. അശ്വതി രവികുമാർ, പീഡിയാട്രിക് അനസ്‌ത്യേഷ്യോളജിസ്റ്റ് ഡോ. മാത്യു ചാക്കോ രാമച്ച എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.