വിതുര: കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവം മൂലം ജനം യാത്രാദുരിതത്തിലായി നട്ടം തിരിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനറൂട്ടുകളിൽപോലും വേണ്ടത്രസർവീസുകൾ നടത്താതെവന്നതോടെ യാത്രക്കാർ പെരുവഴിയിലായ അവസ്ഥയാണ് നിലവിൽ. കെ.എസ്.ആർ.ടി.സി ബസിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയിലുമാണ്. ഞായറാഴ്ചകളിലെ അവസ്ഥ പരമദയനീയമാണ്. അവധി ദിനമായതിനാൽ ഏറ്റവും കൂടുതൽ വിവാഹവും മറ്റും നടത്തുന്നത് അന്നാണ്. ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി മാസങ്ങളായി നാമമാത്രമായ സർവീസുകളാണ് നടത്തുന്നത്. ഞായറാഴ്ച ഏർപ്പെടുത്തിയ പുതിയ സംവിധാനം കൂടി നിലവിൽവരുന്നതോടെ സർവീസുകളുടെ എണ്ണം ഇനിയും കുറയും. ബസ് സർവീസുകളുടെ അപര്യാപ്തത മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. കൺസക്ഷൻ എടുത്തവർ വരെ ഡിപ്പോകളിൽ പരാതി നൽകിയിട്ടും നടപടിയില്ല.
ഉന്തിയും തള്ളിയും യാത്ര
നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വൈകിട്ട് വിതുരയിലേക്കുള്ള ബസുകളിൽ കയറണമെങ്കിൽ ഇടിയും, തൊഴിയും നടത്തണം. മാത്രമല്ല ബസ് കിട്ടണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കുകയും വേണം. നേരത്തേ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും വിതുരയിലേക്ക് അനവധി സർവീസുകൾ അയച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മറിച്ചാണ്. വിതുര ഡിപ്പോയുടെ അവസ്ഥയും വിഭിന്നമല്ല. സമയക്രമീകരണത്തിലെ അപാകതമൂലമാണ് യാത്രാദുരിതം വർദ്ധിച്ചത്.
കൊവിഡ് കാലത്ത് സർവീസുകൾ വെട്ടിക്കുറച്ചിരുന്നെങ്കിലും സ്ഥിതി പഴയനിലയിലേക്കായിട്ടും ഇതുവരെ നിറുത്തലാക്കിയ സർവീസുകളിൽ ഭൂരിഭാഗവും പുനരാരംഭിച്ചിട്ടില്ല. മാത്രമല്ല കൊവിഡിന്റെ മറവിൽ മലയോരമേഖലയിലെ ഡിപ്പോകളിൽ നിന്നും അനവധി ബസുകൾ പിൻവലിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ഇതുവരെ മടക്കി നൽകിയിട്ടുമില്ല. മലയോരമേഖലയിലെ നിലവിലെ സ്ഥിതി പരിതാപകരമാണ്. ബസിനെ ആശ്രയിക്കുന്നവർ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണ്. അടുത്തടുത്ത് നാലും,അഞ്ചും ഡിപ്പോകളുണ്ടായിട്ടും യാത്രാദുരിതം ഇരട്ടിക്കുകയാണ്.
മലയോരമേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനായാണ് വിതുര,ആര്യനാട്,പാലോട് ഡിപ്പോകൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്തൊക്കെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ ഡിപ്പോകൾ. എന്നാൽ ക്രമേണ ഡിപ്പോകളുടെ പ്രവർത്തനം താളംതെറ്റുകയും യാത്രാദുരിതം വർദ്ധിക്കുകയുമായിരുന്നു. വിതുര പാലോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി നാമമാത്രമായാണ് സർവ്വീസ് നടത്തുന്നത്. വിതുര,പാലോട് ഡിപ്പോകൾ വേണ്ടത്ര സർവ്വീസുകൾ അയയ്ക്കാതെയായിട്ട് വർഷങ്ങളേറയായി. ഫലത്തിൽ രണ്ട് ഡിപ്പോകൾ അടുത്തുണ്ടായിട്ടും യാത്രാദുരിതം ഇരട്ടിക്കുയാണ്.