supreme-court

തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന കേസുകൾകൊണ്ടു വീർപ്പുമുട്ടുന്ന രാജ്യത്തെ കോടതികളുടെ രക്ഷയ്ക്ക് സുപ്രീംകോടതി തന്നെ എത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യ‌ത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ ശുഭവേളയിൽ ചെറിയ കുറ്റങ്ങൾ ചെയ്ത് വർഷങ്ങളായി വിധികാത്തു കഴിയുന്ന വിചാരണത്തടവുകാരെ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് പരമോന്നത കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഏതാനും ദിവസം മുൻപ് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പൊതുവേദികളിൽ വച്ച് ഇങ്ങനെ അഭിപ്രായം പറയുന്നതല്ലാതെ ഇതിനാവശ്യമായ ഭരണപരമായ നടപടികളെടുക്കാൻ എന്തുകൊണ്ട് മടിക്കുന്നു എന്നാണ് പ്രസക്തമായ ചോദ്യം.

കീഴ്‌കോടതികളിൽ പതിനായിരവും ലക്ഷവുമൊന്നുമല്ല നാലുകോടിയിൽപ്പരം കേസുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്ക്. പത്തും ഇരുപതും ഇരുപത്തഞ്ചും വർഷം വരെ പഴക്കമുള്ളവ പോലും ഇക്കൂട്ടത്തിലുണ്ടാവും. ഈ നാലുകോടിയിൽപ്പരം കേസുകളിൽ പകുതിയിലധികവും താരതമ്യേന അത്ര ഗൗരവസ്വഭാവത്തിലുള്ളവയല്ലെന്ന് ഓർക്കണം. എളുപ്പം വിചാരണ നടത്തി തീർക്കാവുന്നവയാകും ഭൂരിഭാഗം കേസുകളും. എന്നാൽ പല കാരണങ്ങളാൽ കോടതി നടപടികൾക്ക് ഒച്ചിനോളം വേഗത പോലുമില്ലെന്നതാണ് ദൗർഭാഗ്യകരമായ കാര്യം. ചെയ്തുപോയ കുറ്റത്തിന് നിയമം അനുശാസിക്കുന്ന തടവുകാലത്തിന്റെ ഇരട്ടിയോ അതിലധികമോ വർഷങ്ങൾ ജയിലിൽ വിചാരണത്തടവുകാരായി കിടക്കേണ്ടിവരുന്നവരുണ്ടാകും. ജാമ്യമെടുക്കാൻ ആളില്ലാത്ത കേസുകളിൽ ഇതു പതിവാണ്. ആളും അർത്ഥവുമില്ലാത്തവരാണ് പ്രതികളെങ്കിൽ ജയിലുകളിൽ അനന്തകാലം നരകജീവിതം അനുഭവിക്കേണ്ടിവരുന്ന ദുർവിധി കഠിനം തന്നെയാണ്.‌

തീർപ്പാകാതെ കിടക്കുന്ന കേസുകളിൽ ഗുരുതര സ്വഭാവത്തിലല്ലാതുള്ളവ പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് പരമോന്നത കോടതി അഭിപ്രായപ്പെട്ടത്. ആദ്യമായി കുറ്റകൃത്യം ചെയ്യുന്നവർ, പെറ്റി കേസുകളിൽ ഉൾപ്പെട്ടവർ, ഒരു സിറ്റിംഗ് പോലും നടക്കാത്ത കേസിലുൾപ്പെട്ടവർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവരുടെ കാര്യത്തിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കി തീരുമാനമെടുക്കാം. വിചാരണത്തടവുകാരിൽ ഭൂരിപക്ഷം പേരും പാവങ്ങളും അക്ഷരാഭ്യാസമില്ലാത്തവരും ആകയാൽ ഭരണകൂടം വേണം അവരുടെ രക്ഷയ്ക്കെത്താൻ. ഓരോ കുറ്റത്തിനുമുള്ള ശിക്ഷ നിയമപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. നിയമം അനുശാസിക്കുന്നതിലധികം കാലം ജയിലിൽ കഴിഞ്ഞുവരുന്ന പ്രതികളെ കേസിന്റെ സ്വഭാവം നോക്കി വിട്ടയയ്ക്കുന്നതുകൊണ്ട് ആർക്കും ഒരു നഷ്ടവും വരാൻ പോകുന്നില്ല. സ്വാതന്ത്ര്യ‌‌ത്തിന്റെ അമൃത മഹോത്സവം കൊണ്ടാടുന്ന ഈ വേളയിൽ അത്തരമൊരു നടപടി തീർച്ചയായും പുണ്യകർമ്മം തന്നെയാകും.

മുൻപും വിചാരണത്തടവുകാരുടെ ദൈന്യാവസ്ഥ നിയമജ്ഞരുടെ പരിഗണനയ്ക്കു വന്നിട്ടുള്ളതാണ്. കെട്ടിക്കിടക്കുന്ന കേസുകൾ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നു പൊതുവേ പറയാറുണ്ട്. എന്നാൽ അതിനു സ്വീകാര്യമായ പരിഹാരം കാണാൻ സർക്കാരിനു കഴിയുന്നില്ല. കോടതികളുടെയും ജഡ്‌ജിമാരുടെയും എണ്ണം വർദ്ധിപ്പിച്ചതുകൊണ്ടുമാത്രം തീരുന്ന പ്രശ്നവുമല്ല അത്. വിധികാത്തു കിടക്കുന്ന നാലുകോടിയിൽപ്പരം കേസുകളിൽ ഒറ്റയടിക്കു തീർക്കാവുന്നവ വേർതിരിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും ഉചിതം. വലിയ ശിക്ഷയർഹിക്കുന്ന കുറ്റകൃത്യം ചെയ്തവരുടെ കാര്യത്തിൽ ഇളവുകളോ ദാക്ഷിണ്യമോ വേണ്ട. അത്തരക്കാർ എപ്പോഴും ജയിലിനു പുറത്തുതന്നെയാണെന്നത് വേറെ കാര്യം. ആരോരുമില്ലാത്ത പാവങ്ങളാണ് നിസാര കുറ്റങ്ങളുടെ പേരിൽപ്പോലും തടവറകളിൽ കഴിയേണ്ടിവരുന്നത്.

സ്വാതന്ത്ര്യദിനത്തിന് ഇനി ഒരാഴ്ചയേ ശേഷിക്കുന്നുള്ളൂ. ആ സുദിനത്തിനു മുമ്പുതന്നെ വിചാരണത്തടവുകാരുടെ പ്രശ്നം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സജീവ പരിഗണനയ്ക്കു വരേണ്ടതാണ്.