
കേരളത്തിന്റെ അഭിമാനമായ സഹകരണ പ്രസ്ഥനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നാലെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ മേഖലയിലുള്ളവർ ഉറ്റുനോക്കുന്നത്. വലിയ വീഴ്ച സമ്മാനിച്ച പാഠമാണ് ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ.
അതിൽ ഏറ്റവും പ്രധാനം ബാങ്കുകളെ രക്ഷിക്കാൻ പുതുതായി സർക്കാർ പ്രഖ്യാപിച്ച സഞ്ചിത നിധിയാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള ഭരണത്തിൻകീഴിൽ പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തരണം ചെയ്യാൻ ശക്തമായ ഇടപെടലുകൾ നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന പദ്ധതിയാണ് സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കൽ. പ്രതിസന്ധിയിൽപ്പെട്ട സംഘങ്ങളെ സർക്കാർ ഇടപെട്ട് കൃത്യമായ രൂപരേഖ തയ്യാറാക്കി കാര്യക്ഷമമാക്കും. ഇതിനായാണ് സഞ്ചിതനിധി രൂപീകരിക്കുന്നത്. നിക്ഷേപം തിരിച്ചുനൽകാൻ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ഇത്തരം സ്ഥാപനങ്ങളെ മികവുറ്റതാക്കാനുമുള്ള കർമ്മപരിപാടിയാണിത്. നിക്ഷേപം തിരിച്ചു നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി ഉടനടി പരിഹരിക്കാനും പ്രവർത്തനക്ഷമമാക്കാനുമുള്ള വ്യവസ്ഥകളോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ മിച്ചധനവും, കരുതൽധനവും പൊതുധാരണയുടെ അടിസ്ഥാനത്തിൽ സ്വരൂപിച്ചാണ് സഞ്ചിതനിധി രൂപീകരിക്കുന്നത്. ഇതിലേക്കായി സഹകരണചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തും. സംഘങ്ങളുടെ സഹകരണത്തോടെ ഇപ്രകാരം രൂപീകരിക്കുന്ന സഹകരണ സംരക്ഷണനിധി, സഹകരണ മേഖലയുടെ വികസനത്തിനും, പ്രതിസന്ധിതരണം ചെയ്യാൻ കഴിയുമെന്ന് ബോദ്ധ്യമുള്ള പ്രാഥമിക കാർഷിക വായ്പാസംഘങ്ങളെ കരകയറ്റാനുമായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
നിധിയിലേക്ക് ലഭിക്കുന്ന തുകയ്ക്ക് സംഘങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പലിശ വരുമാനം ഉറപ്പുവരുത്തും. നിധിയിലേക്ക് മുതൽക്കൂട്ടുന്ന തുക ഒരു നിശ്ചിത കാലപരിധിയ്ക്ക് ശേഷമോ സംഘങ്ങൾക്ക് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം തിരികെ നൽകാനും വ്യവസ്ഥ ചെയ്യും. ഇതിന് വിശദമായ സ്‌കീം തയ്യാറാക്കും.
നിധിയിൽ നിന്നും വിനിയോഗിക്കുന്ന തുകയുടെ വിനിയോഗവും തിരിച്ചടവും ഉറപ്പുവരുത്താൻ സംഘം തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നതാണ്. ഇത്തരത്തിലുള്ള കമ്മിറ്റികളിൽ സഹകാരികൾ, വകുപ്പ് ഉദ്യോഗസ്ഥർ, കേരള ബാങ്ക് ഉദ്യോഗസ്ഥർ, സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി, സംസ്ഥാന സഹകരണ യൂണിയൻ പ്രിതിനിധി, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ ഉൾപ്പെടും. കുറഞ്ഞത് 500 കോടി രൂപ സഞ്ചിത നിധിയിലേക്ക് സംഭരിക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ നിലവിലുള്ള നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ പ്രവർത്തനം വിപുലപ്പെടുത്താനുള്ള തീരുമാനവും ഈ മേഖലയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ. നിലവിൽ നിക്ഷേപകർക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് നിക്ഷേപ ഗ്യാരന്റി ബോർഡിലൂടെ ലഭ്യമാക്കുന്നത്.
സംഘം ലിക്വിഡേറ്റ് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് ഇത്തരത്തിൽ തുക നൽകാൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രതിസന്ധി ഘട്ടങ്ങളിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നിക്ഷേപകർക്ക് തിരികെ ലഭ്യമാക്കുന്ന തരത്തിൽ നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തും.
പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള നിയമ ഭേദഗതികൾ സമഗ്ര നിയമത്തിൽ ഉൾപ്പെടുത്തും.
ഇതോടൊപ്പം നിലവിലുള്ള ഡിപ്പോസിറ്റ് ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റംവരുത്തി പ്രതിസന്ധിയിൽപ്പെട്ട സഹകരണ ബാങ്കുകളെ സഹായിക്കുകയും ചെയ്യും. ഭാവിയിൽ കേരളത്തിലെ ഒരു സഹകരണ സ്ഥാപനവും തകർച്ചയിലേക്ക് വഴുതിപ്പോകാത്ത തരത്തിലുള്ള വ്യവസ്ഥകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സഹകരണ നിയമത്തിലും, ചട്ടത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തും. നിക്ഷേപകരുടെയും സഹകാരികളുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കേണ്ട ബാദ്ധ്യത പൂർണമായും സർക്കാർ ഉറപ്പുവരുത്തും.
കരുവന്നൂരിന്
പ്രത്യേക പദ്ധതി
സഹകരണമേഖലെ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതകൂടിയാണ് കരുവന്നൂരിലെ നടപടികൾ. അതിനാൽ കരുവന്നൂർ ബാങ്കിനെ സുസജ്ജമാക്കാനും സർക്കാർ പ്രത്യേകപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപതുക തിരികെ നൽകാനും ഇപ്പോൾ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തത്. നിലവിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നൽകാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചു നൽകാനായി 35 കോടി രൂപ അടിയന്തരമായി കരുവന്നൂർ ബാങ്കിന് നൽകും. കേരള ബാങ്കിൽ നിന്ന് 25 കോടി രൂപയും, സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. കരുവന്നൂർ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. കരുവന്നൂർ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വർണ്ണവും മറ്റു ബാധ്യതകളിൽപ്പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നൽകുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾ സഹകരണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും സ്വീകരിച്ചു. കരുവന്നൂർ ബാങ്കിൽ ആകെ നിക്ഷേപം 284.61 കോടി രൂപയും, പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. സംഘത്തിന് വായ്‌പാ ബാക്കി നിൽപ്പ് 368 കോടി രൂപയും, പലിശ ലഭിക്കാനുള്ളത് ബാക്കി നിൽപ്പ് 108.03 കോടി രൂപയുമാണ്. ഇപ്രകാരം 476 കോടി രൂപ സംഘത്തിന് ഈ ഇനത്തിൽ പിരിഞ്ഞു കിട്ടാനുണ്ട്. സംഘത്തിന് വായ്പാ ഇനത്തിൽ പിരിഞ്ഞു കിട്ടേണ്ട തുകകൾ ഈടാക്കി എടുക്കുന്നതിനായി 217 ആർബിട്രേഷൻ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. വിധിയായ ആർബിട്രേഷൻ കേസുകളിൽ 702 എണ്ണത്തിന്റെ എക്സിക്യൂഷൻ നടപടികളും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എക്സിക്യൂഷൻ നടപടികൾ വേഗത്തിലാക്കുന്നതിനായി സഹകരണ വകുപ്പിലെ നാല് സ്‌പെഷ്യൽ സെയിൽ ഓഫീസർമാരുടെ സേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇപ്രകാരം ഈടാക്കി എടുക്കുന്ന തുക നിക്ഷേപം മടക്കി നൽകാനും സംഘം പ്രവർത്തനം തുടരാൻ ഉതകുന്ന തരത്തിൽ വിനിയോഗിക്കാനുമാണ് സർക്കാർ ലക്ഷ്യം.