
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ കീരമ്പാറ ഗ്രാമപഞ്ചായത്ത് ആറാം വാർഡംഗം ഷീബ ജോർജ്ജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ കൂറുമാറ്റ നിരോധന നിയമത്തിലെ 3(1)(സി), 4(3) ചട്ടങ്ങൾ പ്രകാരം അയോഗ്യയാക്കി. പഞ്ചായത്തംഗമായി തുടരുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനുമാണ് വിലക്ക്.
കീരമ്പാറ ഗ്രാമപഞ്ചായത്തിലേക്ക് 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം ഷീബജോർജ്ജ് രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണയോടെ പഞ്ചായത്ത് വൈസ്‌പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അംഗം നൽകിയ സത്യപ്രസ്താവനയുടെ
അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഞ്ചായത്തിലെ കക്ഷിബന്ധ രജിസ്റ്ററിൽ രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും ഔദ്യോഗിക സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ച് വിജയിച്ചത് എന്നാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന്, കീരമ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡംഗം മാമച്ചൻ ജോസഫ് നൽകിയ ഹർജിയാണ് കമ്മിഷൻ തീർപ്പാക്കിയത്.