തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. നേമം ടെർമിനൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും പറയുന്നത്. എന്നാൽ ഡി.പി.ആർ തയ്യാറാക്കിയ ശേഷം തുടർനടപടികളുണ്ടായില്ലെന്ന് പാർലമെന്റിൽ സർക്കാർ മറുപടി നൽകിയിരുന്നു. റെയിൽവേ സഹമന്ത്രിയും കേന്ദ്രമന്ത്രി വി. മുരളീധരനും പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ആനാവൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സമരവും മന്ത്രിമാർ ഡൽഹിയിൽ പോകാൻ തീരുമാനിക്കുകയും ചെയ്‌തപ്പോഴാണ് കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി നേതാക്കളും കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടത്. സംസ്ഥാന ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദഫലമായാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാരെ കാണാൻ കേന്ദ്രമന്ത്രി വിസമ്മതിച്ചത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാലാണ് പ്രവർത്തനം വൈകുന്നതെന്നാണ് വി. മുരളീധരൻ പറയുന്നത്. എന്നാൽ, ടെർമിനലിനായി 35 ഏക്കർ ഏറ്റെടുത്ത് നൽകിയിട്ടുണ്ടെന്നും ആനാവൂർ പറഞ്ഞു.