
തിരുവനന്തപുരം: ആട്ടവിളക്ക് പോലെ നിറഞ്ഞു കത്തുന്നതായിരുന്നു കഥകളി ഗായകൻ മുദാക്കൽ ഗോപിനാഥൻ നായരുടെ പാട്ട്. അരങ്ങിന്റെ പൊരുളറിഞ്ഞുള്ള ഗോപിനാഥൻ നായരുടെ പാട്ടിൽ കഥകളി ആസ്വാദകർ അലിഞ്ഞില്ലാതാകും. 55 വർഷം നീണ്ട കഥകളി ഗാനസപര്യയ്ക്ക് തിരശീല വീഴുമ്പോൾ കഥകളി ഗാനശാഖയിൽ ഒരു കാലം അവസാനിച്ചു. കഥകളി സംഗീതത്തിന്റെ തെക്കൻ തനിമയുടെ വക്താവായിരുന്നു ഗോപിനാഥൻ നായർ. കഥകളി പാട്ടിന്റെ തെക്കൻ ബാണി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉച്ചാരണ ശുദ്ധി, ഭാവസന്നിവേശം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകൾ. കഥകളി ശ്ളോകങ്ങൾ പാടുന്നതിലും മുദാക്കലിന് സ്വന്തം ശൈലി ഉണ്ടായിരുന്നു.
പുലരുവോളം നീളുന്ന കഥകളി അരങ്ങിൽ ഒരേനിൽപിൽ പാടുന്നതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. സുന്ദരീസ്വയംവരം, കംസവധം തുടങ്ങിയ കാണാപ്പാഠം പഠിച്ച് പാടാൻ ബുദ്ധിമുട്ടുള്ള പാട്ടുകൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്ന് അനിർഗനിർഗളം പ്രവഹിക്കും. അരങ്ങ് നിയന്ത്രിക്കാനുള്ള മികവും ശ്രദ്ധേയമാണ്. പ്രഥമ ഗുരുസ്ഥാനീയനായ തകഴി കുട്ടൻപിള്ളയുടെ മാതൃകയാണ് അദ്ദേഹം സ്വീകരിച്ചത്. ഗുരുവിന്റെ മരണംവരെ നിഴലായി കൂടെയുണ്ടായിരുന്നു മുദാക്കൽ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ചേർത്തല കുട്ടപ്പകുറുപ്പ് എന്നിവരും ഗുരുസ്ഥാനീയരാണ്.
കഥകളി പ്രേമികൾക്ക് അപരിചിതമായ അപൂർവ കഥകളും മുദാക്കൽ അവതരിപ്പിക്കാറുണ്ട്. രണ്ടിലധികം കഥകൾ പാടേണ്ട സാഹചര്യത്തിൽ അവ ഔചിത്യത്തോടെ അവതരിപ്പിക്കുകയും രംഗക്രമീകരണം നടത്തുകയും ചെയ്തു. നിഷാദാർജ്ജുനിയം, പ്രതിജ്ഞാകൗഡില്യം എന്നിവ അദ്ദേഹം ചിട്ടപ്പെടുത്തി അവതരിപ്പിച്ചതാണ്. കൃമ്മീരവധം, ഹരിശ്ചന്ദ്രചരിതം തുടങ്ങിയ ആട്ടക്കഥകളും അവതരിപ്പിച്ചു.
12,000ത്തോളം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 1953ൽ ഡൽഹിയിൽ കലാമണ്ഡലം കൃഷ്ണൻ നായർക്കൊപ്പം കഥകളി അവതരണത്തിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൽ നിന്ന് കീർത്തിമുദ്ര ലഭിച്ചു. മാങ്കുളം, ഗണേശൻ നമ്പൂതിരി, കലാമണ്ഡലം സുരേന്ദ്രൻ, അടുത്തിടെ അന്തരിച്ച തിരുവല്ല ഗോപികുട്ടൻ നായർ, ആർ.എൽ.വി പ്രഭാകരൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സ്ഥിരം ശിങ്കിടിമാർ (രണ്ടാം പാട്ടുകാർ) ആയിരുന്നു.
ആകാശവാണിയിൽ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു മുദാക്കൽ. തിരുനക്കര ദേവസ്വം അവാർഡ്, ബൽ സൂര്യപുരസ്കാരം, മാനവീയം അവാർഡ്, കലാമണ്ഡലം കൃഷ്ണനായർ സ്മാരക ഫെലോഷിപ്പ്, കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാഡമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.