
പെരിന്തൽമണ്ണ: മൂന്നരക്കിലോ തൂക്കമുള്ള ഇരുതലമൂരിയെ വിൽക്കാനുള്ള നീക്കത്തിനിടെ യുവാവ് അറസ്റ്റിൽ. വേങ്ങൂർ സ്വദേശി പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ്(30) പിടികൂടിയത്. അഞ്ചുകോടിയോളം രൂപയ്ക്ക് വില പറഞ്ഞ്കച്ചവടത്തിന് ശ്രമം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകൾ ആഷിഖടക്കമുള്ള സംഘത്തെ സമീപിക്കുന്നുണ്ടായിരുന്നു. പാമ്പിനെ ബാഗിലാക്കി കൊണ്ടുപോവുമ്പോഴാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പാമ്പിനൊപ്പം തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
തലയും വാലും കാണാൻ ഒരു പോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും ഇവയെ ഉപയോഗിക്കുന്നുണ്ടത്രേ. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, മേലാറ്റൂർ ഇൻസ്പെക്ടർ ഷാരോൺ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സജേഷ് ജോസ്, സീനിയർ സി.പി.ഒ നിഥിൻ ആന്റണി, ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാർ, ദിനേഷ് കിഴക്കേക്കര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.