സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലുള്ള പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി (70)യുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഗോപി (65)യെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂൺ 19-ന് മരണപ്പെട്ട ചിക്കിയുടെ മൃതദേഹം ഇന്നലെ ഫോറൻസിക് സർജന്റെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള വിദഗ്ധ സംഘം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മൃതദേഹത്തിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റിരുന്നു. ഇത് പട്ടിക പോലുള്ള എന്തെങ്കിലും മരക്കഷണം കൊണ്ടുള്ള അടിയേറ്റ് ഉണ്ടായതാണെന്നാണ് ഡോക്ടർമാരുടെ നിഗമനം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: സംഭവദിവസം ഭാര്യയും ഭർത്താവും ചേർന്ന് പലസ്ഥലത്തായി പോയി മദ്യപിക്കുകയും ലക്കുകെട്ട് വൈകീട്ട് വീട്ടിലെത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷവും മദ്യപിച്ചു. പിന്നീട് മദ്യം കിട്ടാതെ വന്നപ്പോൾ അതിനെ ചൊല്ലി ഗോപി ഭാര്യയുമായി വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിൽകിട്ടിയ മരക്കഷണംകൊണ്ട് അടിക്കുകയുമായിരുന്നു.
ചിക്കിക്ക് ആന പ്രതിരോധ കിടങ്ങിൽ വീണ് പരിക്കുപറ്റിയെന്നാണ് ഗോപി ആദ്യം പൊലീസിനോടും സമീപവാസികളോടും പറഞ്ഞത്. നേരത്തെ സ്വാഭാവിക മരണമായി കണ്ടതിനാൽ പോസ്റ്റ്മോർട്ടം നടത്താതെ സംസ്ക്കരിക്കുകയായിരുന്നു. എന്നാൽ ചിക്കിയുടെ മരണത്തിൽ സംശയം ഉടലെടുത്തതോടെയാണ് ചോദ്യം ചെയ്യുന്നതിനായി ഗോപിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ. കെ.ബി.രാഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബത്തേരി തഹസിൽദാർ കെ.ബി.ഷാജി, ഡിവൈഎസ്പി കെ.കെ.അബ്ദുൾഷെരീഫ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ.സിബി, ബത്തേരി പൊലീസ് ഇൻസ്പെക്ടർ കെ.വി.ബെന്നി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.