കല്ലമ്പലം: കല്ലമ്പലം - നഗരൂർ റോഡിൽ പുല്ലൂർമുക്ക്, ഇടവൂർക്കോണം, പുതുശ്ശേരിമുക്ക് സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നു. ഒരു കിലോമീറ്ററിനുള്ളിലുള്ള അഞ്ച് സ്ഥാപനങ്ങളിലാണ് കഴിഞ്ഞരാത്രിയിൽ മോഷണം അരങ്ങേറിയത്. പുതുശ്ശേരിമുക്കിൽ താഹയുടെ ഉടമസ്ഥതയിലുള്ള അൽമക്ക പൗൾട്രിഫാം, ഇടവൂർക്കോണത്ത് ഷെരിഫീന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, പുല്ലൂർമുക്കിൽ ഷെമീറിന്റെ ഉടമസ്ഥതയിലുള്ള ബറക്കത്ത് പൗൾട്രിഫാം, സമീപത്തെ ഉമ്മറിന്റെ പി.കെ.വൈ വെജിറ്റബിൾ ഷോപ്പ് എന്നിവിടങ്ങളിൽ മോഷണവും, പുല്ലൂർമുക്ക് സ്വദേശി സലാമിന്റെ ഉടമസ്ഥതയിലുള്ള മെത്തക്കടയിൽ മോഷണ ശ്രമവുമാണ് നടന്നത്. എല്ലാ കടകളുടെയും വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മെത്തക്കടയിലെ പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അൽമക്ക പൗൾട്രിഫാമിൽ നിന്നും 10000 രൂപയും, വെജിറ്റബിൾ ഷോപ്പിൽ നിന്ന് 2500 രൂപയും, ബറക്കത്ത് പൗൾട്രിഫാമിൽ നിന്ന് 1000രൂപയും, പലചരക്ക് കടയിൽ നിന്ന് സിഗരറ്റും പാനീയങ്ങളും ചില്ലറ രൂപയും നഷ്ടപ്പെട്ടതായി കടയുടമകൾ പറഞ്ഞു. പലചരക്ക് കടയിൽ മുൻപും കവർച്ച നടന്നിട്ടുണ്ട്. അന്ന് 35000 രൂപയും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ബറക്കത്ത് പൗൾട്രിഫാമിലും സമാന രീതിയിൽ ഇതിന് മുൻപും കവർച്ച നടന്നിട്ടുണ്ട്. തുടർന്ന് ഫാമിന്റെ വാതിലുകൾ ബലപ്പെടുത്തിയെങ്കിലും കമ്പിപ്പാരയോ പിക്കാസോ ഉപയോഗിച്ച് ഇരുമ്പ് വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാത്രി 11മണിവരെ റോഡിൽ പ്രദേശവാസികളുണ്ടായിരുന്നു. 12.15ന് അൽമക്ക പൗൾട്രിഫാമിൽ കോഴിയുമായി ലോഡ് വന്ന വാഹനത്തിലെ ഡ്രൈവറാണ് വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ട് ഉടമയെ വിവരമറിയിച്ചത്. കല്ലമ്പലം പൊലീസിൽ വ്യാപാരികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാപാരിവ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ റാഫി സ്ഥാപനങ്ങൾ സന്ദർശിച്ചു. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.