p

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന നിർദ്ദേശത്തിൽ അന്തിമ തീരുമാനം സർക്കാരെടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് സിംഗിൾ ബെഞ്ച് പരിശോധിച്ചോ എന്ന് വ്യക്തതയില്ല.

അഞ്ചു വർഷമായി വലിയതുറയിലെ വിവിധ ക്യാമ്പുകളിലുള്ള കുട്ടികളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടുമെന്നും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ദ്വിദിന കരകൗശല മേളയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ കെ.വി. മനോജ് പറഞ്ഞു.

ഫെസ്റ്റ് ഒഫ് ഹാപ്പിനസ് എന്ന മേള ഇന്ന് രാവിലെ 10.30ന് നിശാഗാന്ധിയിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്, ജി.എസ് പ്രദീപ് എന്നിവർ കുട്ടികളുമായി സംവദിക്കും. തിങ്കളാഴ്ച വൈകിട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. കമ്മീഷൻ അംഗങ്ങളായ സി. വിജയകുമാർ, പി.പി, ശ്യാമള ദേവി, ബി. ബബിത, സെക്രട്ടറി ടി.കെ. ജയശ്രീ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.