
അടൂർ: ഏനാദിമംഗലം മാരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഇളക്കി വച്ച ലക്ഷങ്ങൾ വിലവരുന്ന ഇരുമ്പ് ഗേറ്റും ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്ക് കയറാൻ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചുകടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്രുചെയ്തു. കലഞ്ഞൂർ കഞ്ചോട് പുത്തൻവീട്ടിൽ അനൂപ്(20) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 30 ന് പത്തനാപുരത്ത് നിന്ന് വാഹനം വാടകയ്ക്ക് വിളിച്ച് സ്കൂളിലെത്തിയ ഇയാൾ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ സംശയം തോന്നിയ ഡ്രൈവർ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പിതാവ് കോൺട്രാക്ടർ ആണെന്നും സ്കൂളിലെ പണികൾക്ക് ശേഷം ബാക്കിവന്ന വസ്തുക്കൾ മാറ്റാൻ വന്നതാണന്നും ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് എത്തിയത്. ഡ്രൈവർ അറിയിച്ചപ്രകാരം ആളുകൾ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടൽ, പത്തനാപുരം പൊലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് തെളിഞ്ഞു. അടൂർ ഡിവൈ.എസ്.പി. ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.