വെള്ളറട: മലയോരത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി പരാതി. അതിർത്തി കടന്നെത്തുന്ന ലഹരിവസ്തുക്കളിൽ പ്രദേശത്തെ യുവാക്കൾ ആശ്രയിക്കുന്നതായും ആക്ഷേപമുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊറിയറായിട്ടാണ് കഞ്ചാവ് പായ്ക്കറ്റുകൾ കൊണ്ടുവരുന്നത്.
ലഹരി വില്പനയും ഉപയോഗവും വർദ്ധിച്ചതോടെ സാമൂഹ്യവിരുദ്ധശല്യവും പ്രദേശത്താകെ കൂടിയിട്ടുണ്ട്. യുവാക്കളും വിദ്യാർത്ഥികളുമാണ് ലഹരിമാഫിയാ സംഘത്തിന്റെ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് ലഹരിമാഫിയാസംഘം പ്രദേശത്താകെ താവളമാക്കിയതിൽ നാട്ടുകാർ ഭീതിയിലാണ്.
പ്രദേശത്ത് എക്സൈസും പൊലീസും പരിശോധന നടത്താറുണ്ടെങ്കിലും വില്പനക്കാരിൽ ചെറിയ കണ്ണികളെ മാത്രമാണ് പലപ്പോഴും പിടികൂടാറുള്ളത്. മുഖ്യ കണ്ണികൾ നിയമത്തിന് മുന്നിലെത്താത്തതിനാൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്പനയ്ക്കും യാതോരു കുറവുമില്ല.
വിദ്യാർത്ഥികൾ കണ്ണികൾ
ഏജന്റുമാർ എത്തിക്കുന്ന കഞ്ചാവ് പൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നുണ്ട്. അതിർത്തിയിൽ ഇത്തരത്തിലുള്ള വില്പന പൊടിപൊടിക്കുകയാണ്. സ്കൂൾ-കോളേജുകൾ കേന്ദ്രീകരിച്ചും വിദ്യാർത്ഥികൾ കൂടുതലെത്തുന്ന വെയിറ്റിംഗ് ഷെഡ് കേന്ദ്രീകരിച്ചും ലഹരി മാഫിയ സംഘങ്ങൾ സജീവമാണ്.
കഞ്ചാവിന്റെ ശേഖരം
ഗ്രാമീണ മേഖലകളിൽ വിവിധ സ്ഥലങ്ങളിൽ വൻതോതിൽ കഞ്ചാവ് ശേഖരം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് പിടികൂടുന്നത് ചെറുമീനുകളെയാണ്. വമ്പൻ സ്രാവുകളായ ലഹരി മാഫിയ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് ശേഖരത്തെ സംബന്ധിച്ച് പൊലീസിന് വിവരം നൽകുന്നവർക്കെതിരെ പലപ്പോഴും ആക്രമണം നടന്നിട്ടുണ്ട്.
ചീറിപ്പാഞ്ഞ് ബൈക്കുകൾ
ലഹരിവസ്തുക്കളുമായി ബൈക്കിൽ ചീറിപ്പായുന്ന യുവാക്കളും പ്രദേശത്ത് സ്ഥിര കാഴ്ചയായി മാറിക്കഴിഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും മൊത്ത വിതരണ കേന്ദ്രത്തിലെത്തുന്ന ലഹരിവസ്തുക്കൾ ചെറിയ പൊതികളിലാക്കി യുവാക്കൾ ആവശ്യക്കാർക്ക് എത്തിക്കാറാണ് പതിവ്. ഇത്തരത്തിൽ ചീറിപ്പായുന്ന ബൈക്കുകളിൽ നിന്ന് അപകടം പറ്റിയവർ നിരവധിയാണ്. കൃത്യമായി ആവശ്യക്കാരിൽ എത്തിച്ചാൽ ലഹരിവസ്തുക്കളുടെ ചെറിയ പങ്കും കാശും കിട്ടുമെന്നതിനാൽ യുവാക്കൾക്കും വില്പന ഹരമായി മാറിയിരിക്കുകയാണ്.
മദ്യവും
ലഹരിതേടി അലയുന്ന യുവതലമുറയ്ക്ക് അതിർത്തികടത്തി മദ്യവും നൽകാൻ ഏജന്റുമാരുണ്ട്.
അതിർത്തിമേഖലകളിൽ നിരീക്ഷണത്തിലുള്ള പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ചാണ് കേരളത്തിലേക്ക് മദ്യമൊഴുകുന്നത്. ഇടവഴികളിലൂടെ അതിർത്തികടത്തുന്ന മദ്യത്തിന് ഇരട്ടിവിലയാണ് ഈടാക്കുന്നത്. തമിഴ്‌നാട് മദ്യത്തിന് മൂന്നിരട്ടിയോളം വില ഈടാക്കുന്നുണ്ട്. അമിതലാഭം ലഭിക്കുന്നതിനാൽ ആവശ്യത്തിന് മദ്യം ലഭിക്കുന്നതിനാൽ വ്യാപാരികളും ഉപഭോക്താക്കലളും മദ്യം കടത്താൻ റെഡിയാണ്.