തിരുവനന്തപുരം: ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മഞ്ചാടിയിൽ നിർമ്മിച്ച ആസ്ഥാനമന്ദിരവും വിശ്രമഭവനവും 18ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ തുറന്നുനൽകും.കിടപ്പുരോഗികളെ സന്ദർശിക്കുകയും പരിചരണങ്ങൾ നൽകുകയും ചെയ്യുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ട്രസ്റ്റ്‌ ചെയർമാൻ എം.വിജയകുമാർ, ട്രസ്റ്റി സി.അജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നാല്‌ നിലകളായി 18,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 32 മുറികളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോർമെറ്ററികളുമുണ്ട്‌.വായനാമുറി, സ്വീകരണ മുറി, ഡൈനിംഗ് ഹാൾ, ലിഫ്‌റ്റ്‌ സൗകര്യങ്ങളുമുണ്ട്‌. സർവീസ് ചാർജ്‌ മാത്രം ഈടാക്കിയാണ്‌ കെട്ടിടം ആവശ്യക്കാർക്ക്‌ നൽകുക.മെഡി. കോളേജ്‌ ആശുപത്രി, റീജിയണൽ ക്യാൻസർ സെന്റർ, ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി,ചൈൽഡ് ഡെവലപ്മെന്റ് സെന്റർ,ക്ഷയരോഗ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലെല്ലാം ചികിത്സയ്ക്ക് എത്തുന്ന നിരവധിയാളുകളാണ്‌ നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രത്തിലെത്തുന്നത്‌.