
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർ വീടുവീടാന്തരം കയറി നടത്തിയ സ്ക്രീനിംഗിൽ കാൻസർ രോഗബാധയ്ക്കുള്ള സാദ്ധ്യത കൂടിവരികയാണെന്ന് സൂചന ലഭിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിനെ ഇതിനായി തിരഞ്ഞെടുത്തിരുന്നു.
30 വയസ് കഴിഞ്ഞവരിലാണ് ജീവിത ശൈലി രോഗനിർണയ സ്ക്രീനിംഗ് തുടങ്ങിയത്. പരിശോധന നടത്തിയ 7,26,633 പേരിൽ 59,169 പേർക്ക് (8.14%) കാൻസർ സാദ്ധ്യത കണ്ടെത്തി. 8614 പേർക്ക് ഗർഭാശയ കാൻസറിനും 47,549 പേർക്ക് സ്തനാർബുദത്തിനും 3006 പേർക്ക് വദനാർബുദത്തിനും സാദ്ധ്യതയുള്ളതായി കണ്ടെത്തുകയും സ്ഥിരീകരണത്തിനായി ആശുപത്രികളിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
1.52 ലക്ഷം പേർക്ക് ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഘടകം കണ്ടെത്തിയതിനാൽ പരിശോധനയ്ക്ക് വിധേയമാക്കി. 'അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ് ' എന്ന കാമ്പയിനിന്റെ ഭാഗമായാണ് സ്ക്രീനിംഗ്. അഞ്ച് ആഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേരെ പരിശോധിച്ചത്.
ആലപ്പുഴയിലെ ചിങ്ങോലി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിൽ സ്‌ക്രീനിംഗ് പൂർത്തിയായി. ആവശ്യമുള്ളവർക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ലഭ്യമാക്കും.
`ഒരു വർഷത്തിനകം സംസ്ഥാനത്ത് പൂർണമായി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് പൂർത്തിയാക്കും'
- വീണാ ജോർജ്
ആരോഗ്യമന്ത്രി
മറ്റു രോഗബാധിതർ
രക്താതിമർദ്ദം: 82,943 (11.41%)
പ്രമേഹം: 64,564 (8.9%)
ഇവ രണ്ടും 29,696 (4.09)
ക്ഷയം 8982 (1.23%)
സ്ക്രീനിംഗ് ലക്ഷ്യം
വ്യായമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും രോഗ നിയന്ത്രണം
രോഗം വരാൻ സാദ്ധ്യതയുള്ളവർക്ക് പ്രതിരോധ നടപടികൾ
കാൻസർ ഉൾപ്പെടെയുള്ളവ നേരത്തേ കണ്ടുപിടിച്ച് ഭേദമാക്കുക
വലിയൊരു ജനവിഭാഗത്തെ രോഗ മുക്തരാക്കുക
ഡോക്ടറുൾപ്പെടെ വീട്ടിലെത്തും
പ്രാഥമിക പരിശോധനയ്ക്കുള്ള കിറ്റുകളുമായാണ് ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തുന്നത്. നഴ്സും മറ്റ് ആരോഗ്യ പ്രവർത്തകരും കൂടെയുണ്ടാവും.