
കഴക്കൂട്ടം ഫ്‌ളൈഓവർ കേരളപ്പിറവിക്ക്
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 73.72 കിലോമീറ്റർ ദേശീയപാതയുടെ പ്രവൃത്തി പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി.
2025 ഓടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നതിനായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലാണ്. 5,600 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു.
ദേശീയപാതയിൽ, മുക്കോല മുതൽ തമിഴ്‌നാട് അതിർത്തി വരെയുള്ള 16.2 കിലോമീറ്റർ വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള 29.83 കിലോമീറ്റർ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്ത് 48.75 കിലോമീറ്റർ ദൂരത്തിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2.72 കിലോമീറ്റർ ദൂരമുള്ള കഴക്കൂട്ടം ഫ്‌ളൈഓവർ കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകും. ഈഞ്ചയ്ക്കൽ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 2023 മാർച്ചിൽ ഫ്‌ളൈഓവർ നിർമ്മാണം ആരംഭിച്ച് 2024 ൽ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കഴക്കൂട്ടം, ഈഞ്ചയ്ക്കൽ, തിരുവല്ലം, വിഴിഞ്ഞം, കാരോട് എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വീക്ഷിക്കാനെത്തിയ മന്ത്രിയെ നാട്ടുകാരും പാർട്ടി പ്രവർത്തകരും സ്വീകരിച്ചു. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും പി.ഡബ്ളിയു.ഡി ദേശീയപാത വിഭാഗം ജീവനക്കാരും നിർമ്മാണ പുരോഗതി വിശദീകരിച്ചു. നാട്ടുകാരിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും പരിശോധിച്ച് നടപടികൈക്കൊള്ളാൻ ജീവനക്കാരോട് മന്ത്രി നിർദ്ദേശിച്ചു.
# ദേശീയപാതയിലും ഡി.എൽ.പി പരിഷ്കാരം നടപ്പാക്കണം
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ ദേശീയപാത അതോറിട്ടിയും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തണമെന്ന്, നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളിൽ പരിപാലന കാലാവധി, കരാറുകാരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന 3000ത്തിലധികം പരിപാലന കാലാവധി ബോർഡുകൾ (ഡി.എൽ.പി)സ്ഥാപിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാൻ ദേശീയപാത അതോറിട്ടിയും തയ്യാറാകണം. വീഴ്ച വരുത്തുന്ന കരാറുകാരോട് മൃദു സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.