
തിരുവനന്തപുരം:മുഖ്യമന്ത്റിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതിൽ വൈസ്ചാൻസലർ ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.
വി.സിമാരെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള മേൽക്കൈ ഇല്ലാതാക്കാൻ സർക്കാർ ഓർഡിനൻസുമായി സമീപിക്കുകയും, ഗവർണർ അതു പരിഗണിക്കാതെ കേരള സർവകലാശാലയുടെ പുതിയ വി.സിയെ കണ്ടെത്താൻ സെർച്ച് കമ്മറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്.അതിനു പിന്നാലെയാണ് ഈ നടപടി.
തൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയാ വർഗീസിന് കഴിഞ്ഞ നവംബറിൽ കണ്ണൂർ വി.സിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവച്ച റാങ്ക് പട്ടിക കഴിഞ്ഞ മാസം സിൻഡിക്കറ്റ് അംഗീകരിച്ച് നിയമനം നൽകുകയായിരുന്നു. അതിനുള്ള പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
യു.ജി.സി ചട്ടപ്രകാരം എട്ടു വർഷം അസി. പ്രൊഫസറായി അദ്ധ്യാപന പരിചയമില്ലാത്തതിനാൽ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. കേരളവർമ്മ കോളേജിൽ മൂന്നു വർഷത്തെ മാത്രം സേവനമുള്ള പ്രിയവർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റസ് സർവ്സ് ഡയറക്ടർ ആയി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വർഷവും കൂട്ടിച്ചേർത്ത് അദ്ധ്യാപന പരിചയമായി കണക്കിലെടുത്തെന്ന പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥയെന്നും പരാതിയിൽ പറയുന്നു.
സി.പി.എം അനുകൂല അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സജീവ പ്രവർത്തകനും 25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അദ്ധ്യപകനെയും മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്. ഒന്നര ലക്ഷം രൂപയാണ് ശമ്പളം.