
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പാത പിന്തുടർന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പേരുമാറ്റി തട്ടിയെടുത്ത് സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണ് നഗരസഭ ഭരണസമിതിയെന്ന് ബി.ജെ.പി ആരോപിച്ചു. നഗരപ്രദേശങ്ങളിൽ കച്ചവടം നടത്തുന്ന എല്ലാ വഴിയോര കച്ചവടക്കാർക്കും 10,000 രൂപവീതം നൽകുന്ന പി.എം എസ്.വി.എ നിധി സ്‌കീമാണ് നഗരസഭ ഇപ്പോൾ സ്വന്തം അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ വെമ്പൽകൊള്ളുന്നത്.
പരിപാടിയുടെ സ്വാഗതസംഘ രൂപീകരണത്തിന് നഗരസഭ തയ്യാറാക്കിയ നോട്ടീസിൽ നഗരസഭയിലെ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.വി.എ നിധി മഹോത്സവ് സംഘടിപ്പിക്കുന്നു എന്നാണ് പറയുന്നത്. പി.എം എന്ന ഭാഗം മനപ്പൂർവം ഒഴിവാക്കി.
ഈ പരിപാടിയുടെ യോഗത്തിൽ വിവിധ കക്ഷിനേതാക്കളെ ക്ഷണിച്ചെങ്കിലും ഭരണസമിതി അംഗങ്ങൾ സംസാരിച്ചുകഴിഞ്ഞപ്പോൾ സമയക്കുറവ് എന്നപേരിൽ കക്ഷിനേതാക്കൾക്ക് സംസാരിക്കാനുള്ള അവസരം നിഷേധിച്ചെന്നും ബി.ജെ.പി ആരോപിച്ചു.
കേന്ദ്രപദ്ധതി പേരുമാറ്റി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനൊരുങ്ങുമ്പോൾ കേന്ദ്രസർക്കാർ പ്രതിനിധികളെ ഒഴിവാക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും കൗൺസിലറുമായ തിരുമല അനിൽ ആരോപിച്ചു.