market

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലുള്ള ടൗൺ മാർക്കറ്റ് ഹൈടെക്കാക്കി പുനർനിർമ്മിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ചന്ത നവീകരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇതുവരെ നടന്നിട്ടില്ല. മത്സ്യകച്ചവടമടക്കമുള്ള കച്ചവടക്കാർക്ക് ആശ്രയം അപകട ഭീഷണിയുയർത്തുന്ന ദേശീയ പാതയോരങ്ങളാണ്. പ്രതിഷേധവുമായി നെയ്യാറ്റിൻകര ടൗണിൽ വ്യപാരികളടക്കമുളള പൊതുജനം.
ഒരു വർഷം മുമ്പാണ് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ മത്സ്യമാർക്കറ്റ് ഹൈടെക്ക് ആക്കി പുനർനിർമ്മിക്കാൻ 4.4 കോടി കോടി രൂപ ചെലവിൽ കിഫ്ബിയുടെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭ പദ്ധതി തയാറാക്കിയത്. പുതിയ ചന്തയുടെ രൂപരേഖയടക്കമുള്ള പദ്ധതി ആസൂത്രണം പൂർത്തിയായി ഒരു വ‌ർഷത്തോളമായെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിലെ ചന്തയ്ക്കുള്ളിലെ ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റിയും ചന്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും വൈകുന്നതാണ് പദ്ധതി നടപ്പിലാക്കാനുള്ള കാലതാമസത്തിനിടയാക്കുന്നതെന്നാണ് ആരോപണം.

ടി.ബി ജംഗ്ഷനിലെ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന ചന്ത കെട്ടിടത്തിനുള്ളിൽ നിന്നും കഴിഞ്ഞ 6 മാസത്തിലധികമായി ചന്തയുടെ മുന്നിലുള്ള ദേശീയപാതയോരത്താണ് പ്രവർത്തിക്കുന്നത്. റോഡരികിലെ ഇത്തരം കച്ചവടം വൻ അപകട ഭീഷണിയുയർത്തുന്നുമുണ്ട്. വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻപറ്റിയ മറ്റൊരുസ്ഥലം ലഭിക്കാത്തതിനാൽ ഉപജീവനമാർഗത്തിനായി വ്യാപാരികൾ പാതയോരത്തേക്ക് കച്ചവടം മാറ്റിയത്. മാംസ കച്ചവടമടക്കമുളള മറ്റ് കച്ചവടം ഇപ്പോഴും ചന്തയ്ക്കുള്ളിൽ നടക്കുന്നുണ്ട്.

നിലവിലെ മാർക്കറ്റിനുമുന്നിലുള്ള വലിയ കെട്ടിടം അതേപടി നിലനിറുത്തിയും ഇതിന് പിറകിലുള്ള ചെറിയ കെട്ടിടങ്ങളും അനുബന്ധമായി ചെയ്തിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചുമാറ്റുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.

ടി.ബി ജംഗ്ഷനിൽ ഹൈടെക് ചന്ത യാഥാ‌‌ർത്ഥ്യമായാൽ ടൗണിലെ വഴിവാണിഭമടക്കമുള്ള ദേശീയ പാതയോരത്തെ കച്ചവടം ഇവിടേക്ക് കൊണ്ടുവരാൻ കഴിയും.

സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി നിലവിലെ ചന്തയെ താത്കാലികമായി മാറ്റി നിർമ്മാണ ഏജൻസിക്ക് ചന്ത കൈമാറാനുള്ള കാലതാമസമാണ് ചന്തയുടെ നവീകരണം വൈകുന്നതിന് കാരണമെന്നാണ് വ്യാപാരികളുടെ പരാതി.