കാട്ടാക്കട: കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരങ്ങൾ കാരണം കാട്ടാക്കട ഡിപ്പോയുടെ അവസ്ഥ ദുരിതത്തിലേക്ക്. അൻപതോളം ഷെഡ്യൂൾ പ്രവർത്തിപ്പിച്ചിരുന്ന കാട്ടാക്കട ഡിപ്പോയിൽ കഴിഞ്ഞ ദിവസം മാത്രം ഒരു ഫാസ്റ്റും രണ്ടു ഓർഡിനറി ബസും അയയ്ക്കാൻ കഴിഞ്ഞില്ല. ദിവസവും രണ്ടും മൂന്നും ബസുകൾ ആണ് പലവിധത്തിൽ തകരാറിലാകുന്നത്. നിലവിൽ പത്തോളം ബസുകൾ കട്ട പുറത്താണ്. ഇനിയെന്ന് അറ്റകുറ്റപ്പണി നടത്തി ഇവ നിരത്തിലിറക്കാൻ കഴിയും എന്നറിയില്ല.
മുൻപ് ഒരു ദിവസമോ രണ്ട് ദിവസമോ കൊണ്ട് പരിഹരിച്ചിരുന്ന തകരാറുകൾ ഇനി ആഴ്ചകൾ തന്നെ കഴിയും പരിഹരിക്കാൻ. ഡി.സി.പി സംവിധാനം അനുസരിച്ച് പാറശാലയാണ് വർക്ക്ഷോപ്പ്. വാഹനം പണിമുടക്കിയാൽ പാറശാല നിന്നും മെക്കാനിക്കൽ വിഭാഗം ഇവിടേക്ക് വരികയോ വാഹനം അവിടെ എത്തിക്കുകയോ വേണം. ഇതിനായി അവിടെയുള്ള ഒഴിവനുസരിച്ച് മാത്രമേ തീരുമാനം ഉണ്ടാകൂ.
വാഹനങ്ങൾ പണിമുടക്കുന്നതോടെ ഷെഡ്യൂൾ ചെയ്യുന്ന ചില ട്രിപ്പുകൾപിൻവലിക്കും ചില ഷെഡ്യൂൾ റദ്ദ് ചെയ്യുകയും ചെയ്യും. ഇതോടെ മലയോര ഗ്രാമീണ മേഖലയിലേക്കുള്ള യാത്രക്കാർ ദുരിതത്തിലാകും.
കാട്ടാക്കടയെ ഇപ്പോഴത്തെ പരിഷ്കരണങ്ങളിൽ നിന്നും ഒഴിവാക്കി ഒരു പ്രധാന കേന്ദ്രമായി ഉയർത്താനാണ് നടപടി വേണ്ടത് എന്ന ആവശ്യവുമായി സംഘടകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബി.ജെ.പി ഇതുമായി ബന്ധപ്പെട്ട് ധർണ്ണ നടത്തി. 30ന് ബി.ജെ പി ജനപ്രതിനിധികൾ ഉപവാസം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ഇതിനെതിരെ ഇന്നലെ ഉപവാസം നടത്തി. കാട്ടാക്കടയെ ക്ലസ്റ്റർ ഓഫീസ് ആക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതൊക്കെ അവഗണിച്ചാണ് നെടുമങ്ങാട് ക്ലസ്റ്റർ ഓഫീസ് ആക്കിയിട്ടുള്ളത്.