
കഴക്കൂട്ടം : പെരുമാതുറ മുതലപ്പൊഴി ഹാർബറിന് സമീപം ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളികളായ രണ്ട് യുവാക്കളെ കാണാതായി. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഠിനംകുളം, ചേരമാൻതുരുത്ത് കിഴക്കേ തൈവിളാകം വീട്ടിൽ അബ്ദുൽ അസീസ് - സൽമാ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സഫീർ (36), കഠിനംകുളം ചേരമാൻ തുരുത്ത് കടവിൽ വീട്ടിൽ സഫർ - താഹിറ ദമ്പതികളുടെ മകൻ ഷമീർ (31) എന്നിവരെയാണ് കാണാതായത്. ബോട്ട് ഓടിച്ചിരുന്ന പെരുമാതുറ സ്വദേശി അൻസാരി(40)യാണ് രക്ഷപ്പെട്ടത്. സഫീറിന്റെ ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 6.30 ഓടെയാണ് ഹാർബറിനടുത്തുള്ള തടിമില്ലിന് സമീപം കടലിൽ അപകടം. രാവിലെ 5 മണിയോടെ മരിയനാട് ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകവേ ബോട്ടിലെ ഒരെഞ്ചിൻ പ്രവർത്തനരഹിതമായി. ബോട്ട് നിയന്ത്രിച്ചിരുന്ന അൻസാരി, ബോട്ട് കരയ്ക്ക് ഓടിച്ച് കയറ്റവേ സഫീറും ഷമീറും വള്ളം മറിയുമെന്ന ഭീതിയിൽ കടലിലേക്ക് ചാടുകയായിരുന്നു. സഫീർ ആദ്യം കരയ്ക്ക് നീന്തിക്കയറിയെങ്കിലും ഒഴുക്കിൽപെട്ട ഷമീറിനെ രക്ഷിക്കാൻ വീണ്ടും ഇറങ്ങുകയായിരുന്നു. ഇതോടെ ഇരുവരും അപ്രത്യക്ഷരായി. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസ് എസ്.ഐ രാഹുൽ ആർ.ആറിന്റെ നേത്വത്തിൽ കോസ്റ്റൽ പൊലീസിന്റെ ജലറാണി എന്ന ബോട്ടും മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും കടലിൽ തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് അപകടം പതിവാണ്. ഈ മാസം 9 വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന ബന്ധപ്പെട്ടവരുടെ മുന്നറിയിപ്പ് നിലനിൽക്കേയാണ് വീണ്ടും അപകടം.