തിരുവനന്തപുരം:പൊതുജനത്തിന് യാത്രാക്ലേശം നൽകി നഗരത്തിലെ പ്രധാന റോഡുകൾ നിറയെ കുണ്ടും കുഴിയും.സ്‌കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും മഴ കനത്തിട്ടും റോഡ് ശരിയാക്കാൻ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുവല്ലം-കമലേശ്വരം റോഡ്, അംബുജവിലാസം-ഉപ്പളം റോഡ്,തകരപ്പറമ്പ്-കൊച്ചാർ റോഡ്,ബേക്കറി ജംഗ്ഷൻ-വത്സല നഴ്സിംഗ് ഹോം റോഡ് എന്നിവയുൾപ്പെടെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യമല്ലാതായി. ഗവൺമെന്റ് ഹൈസ്കൂൾ വഞ്ചിയൂർ,ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി,ഹോളി ഏയ്ഞ്ചൽസ് സ്കൂൾ, എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന വഞ്ചിയൂർ പ്രദേശത്തെ പ്രധാനറോഡുകളും ഇടറോഡുകളും പൊട്ടിപ്പൊളിഞ്ഞുതന്നെ കിടക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡുകളിൽ വെള്ളം കയറാത്തതും ഓടകൾ നിറയാത്തതും ഒരുപരിധിവരെ യാത്രക്കാർക്ക് സഹായകരമായെങ്കിലും റോഡുകളിലെ ചെളിയും കുഴികളും ദുരിതമായി. റീടെൻഡർ നടപടിയിലേക്ക് നഗരസഭ കടന്നാലും റോഡുകൾ സ്മാർട്ടാകാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

മൂടിയ കുഴികളിൽ വീണ്ടും ജോലി

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌മാർട്ട് റോഡിനായെടുത്ത പല കുഴികളും മൂടിയിരുന്നു. എന്നാൽ ഇവിടങ്ങളിൽ ഇനിയും ജോലി ബാക്കിതീർക്കാനുണ്ട്. മഴ മാറുന്നത് അനുസരിച്ച് വീണ്ടും പണി പുനരാംരംഭിക്കും. സ്മാർട്ട് റോഡിന് വേണ്ടിയുള്ള അണ്ടർ ഗ്രൗണ്ട് ഡക്ടാണ് ഇനി പണിയേണ്ടത്.ഇതുവഴി എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാക്കിയുള്ള സുരക്ഷിത ഗതാഗതമാണ് ലക്ഷ്യം. കേബിളുകൾ കടത്തിവിടുന്നതിനുള്ള തുരങ്കങ്ങളുടെ നിർമ്മാണവും ബാക്കിയാണ്. മഴ മാറി റോഡ് വലിയ രീതിയിൽ കുഴിക്കാതെ പണിചെയ്യുന്ന രീതി പ്രാവർത്തികമാക്കാനാണ് നഗരസഭയുടെ നിർദ്ദേശം.

ഇനിയെന്ന് 'സ്മാർട്ട്' ആകും റോഡുകൾ


പണികൾ സമയബന്ധിതമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ കരാർ ഏറ്റെടുത്തിരിക്കുന്ന കൺസൾട്ടൻസിയെ സർക്കാർ മാറ്റിയേക്കും.കൺസൾട്ടൻസിയെ മാറ്റണമെന്ന ആവശ്യം നഗരസഭയും കടിപ്പിച്ചിട്ടുണ്ട്.കരാർ ഏറ്റെടുത്ത് ഒന്നരവർഷം കഴിഞ്ഞിട്ടും റോഡുകൾ തകർന്ന നിലയിൽ തന്നെ.കഴിഞ്ഞ ഏപ്രിലിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരാറുകാർക്ക് കർശന നിർദ്ദേശം നൽകിയിട്ടും തൽസ്ഥിതിയിൽ മാറ്റമുണ്ടായിട്ടില്ലത്രെ.അശാസ്ത്രീയമായ നിർമ്മാണമാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.കെ.ആർ.എഫ്.ബി ഏറ്റെടുത്ത സ്മാ‌ർട്ട് റോഡുകളുടെ കരാർ ആഗസ്റ്റ് 31ന് അവസാനിക്കുമെങ്കിലും അവർക്കുതന്നെ നീട്ടി നൽകാനാണ് തീരുമാനം. കെ.ആർ.എഫ്.ബിയുടെ സ്മാർട്ട് റോഡ് നിർമ്മാണത്തിൽ പുരോഗതിയുണ്ടെന്ന വിലയിരുത്തലിലാണിത്.ആദ്യഘട്ടത്തിൽ 40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ 17 റോഡുകളുടെ പ്രവൃത്തികളാണ് നടക്കുന്നത്.