നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിവന്ന വൻമരം ആറു ദിവസമായി ഡാമിലെ ഷട്ടറിൽ കുടുങ്ങി കിടന്നു. കരമന ആറ്റിൽ വൻ കുത്തൊഴുക്ക് ആയതിനാൽ മരത്തടി നീക്കം ചെയ്യാൻ കഴിഞ്ഞില്ല. 40അടിയോളം നീളവും 70 ഇഞ്ച് മൂട്ടു വണ്ണവുമുള്ളതും ശിഖരങ്ങളുള്ളതുമായ മരത്തടി ഡാമിന്റെ ഷട്ടറിന് ഭീഷണി ആയി കിടന്നിരുന്നു. മഴ ഒന്ന് ശമിച്ചപ്പോൾ ഡാമിലെ ഷട്ടർ അടച്ച ശേഷം മറ്റാർക്കും കഴിയാത്തതിനാൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനീയർ അഗ്നിശമന സേനയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. നെടുമങ്ങാട് നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.എൻ. ഷാജിയുടെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന എത്തുകയും സേനാംഗങ്ങൾ വാട്ടർ അതൊറിട്ടിയുടെ ബോട്ടിൽ കയറി 150 മീറ്റർ തുഴഞ്ഞു മരത്തടി കിടക്കുന്ന ഭാഗത്ത്‌ എത്തി റോപ് കൊണ്ട് ചുറ്റി കെട്ടുകയും റോപ്പ് കരക്ക്‌ എത്തിച്ചു സേനാംഗങ്ങൾ ചേർന്ന് ഏറെ നേരം വലിച്ചു കരയ്ക്ക് അടുപ്പിച്ചു വൻ അപകടം ഒഴിവാക്കി.