തിരുവനന്തപുരം: വിവിധ പദ്ധതികൾ വഴി കൈത്തറിയെ പരിപോഷിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച വേതനവും ജീവിതസാഹചര്യവും ഒരുക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വാണിജ്യ വ്യവസായ വകുപ്പും കൈത്തറി ടെക്സ്റ്റൈൽസ് വകുപ്പും സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം പള്ളിച്ചലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള കൈത്തറിയുടെ മുഖമാണ് ബാലരാമപുരം കൈത്തറിയെന്ന് അദ്ദേഹം പറഞ്ഞു. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സ്കൂൾ യൂണിഫോം പദ്ധതി കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് ആലോചനയിലുണ്ട്. യന്ത്രവത്കൃത ലോകത്ത് പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി പൂർണമായും കൈത്തറിയിൽ ദേശീയപതാക നെയ്തെടുത്ത നെയ്‌ത്തുതൊഴിലാളി ബി. അയ്യപ്പനെയും ജില്ലയിലെ മുതിർന്ന 20 നെയ്‌ത്തുകാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. രാധാകൃഷ്ണൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.മോഹനൻ, ടി.മല്ലിക തുടങ്ങിയവർ പങ്കെടുത്തു. തത്സമയ കൈത്തറി നെയ്‌ത്ത് പ്രദർശനം, ഫാഷൻ ഷോ, വസ്ത്രങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയും നടന്നു.