വെള്ളനാട്: വെള്ളനാട് പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചില്ലെന്ന് ആരോപിച്ച് മദ്യലഹരിയിൽ ബൈക്കിലെത്തി കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ യുവാവ് അറസ്റ്റിൽ. കൊങ്ങണം മൈലമൂട് റോഡരികത്ത് വീട്ടിൽ നിഷാദി (32)നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്യനാട്-നെടുമങ്ങാട് റോഡിൽ കൊറ്റാമലയ്ക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ആണ് സംഭവം. നെടുമങ്ങാട് ട്രാൻ ഡിപ്പോയിൽ നിന്ന് എത്തിയ ബസാണ് യുവാവ് തടഞ്ഞത്. വിവരം അറിഞ്ഞെത്തിയ ആര്യനാട് പൊലീസ് നിഷാദിനെ പിടികൂടുകയായിരുന്നു. കൊറ്റാമലയ്ക്ക് സമീപം റോഡ് പുറമ്പോക്കിലാണ് നിഷാദും മാതാവും താമസിക്കുന്നത്. വെള്ളനാട് പഞ്ചായതിന്റെ അതിർത്തി പ്രദേശമാണിത്. പഞ്ചായത്തിൽ നിന്നും തനിയ്ക്ക് വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇയാളുടെ പരാക്രമം. അതേസമയം ഇപ്രാവശ്യം ഇയാളുടെ കുടുംബത്തിന് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.