കാട്ടാക്കട: ജീവനും സ്വത്തിനും അപകടമുണ്ടാകും വിധം നിന്ന മരങ്ങൾ പൂവച്ചൽ പഞ്ചായത്ത് തീരുമാനപ്രകാരം മുറിച്ച് നീക്കിയതിന് സമീപവാസി വീട് അടിച്ചു തകർത്തു. ശനിയാഴ്ച രാത്രി 7.30 ഓടെ വീരണകാവിലാണ് സംഭവം.

വീരണകാവ് രമണി സദനത്തിൽ വേണുവിന്റെ വീട്ടിലായിരുന്നു സമീപത്തെ വസ്തു ഉടമയുടെ അതിക്രമം. ശനിയാഴ്ച വേണുവിന്റെ മകളും ഭാര്യയും മാത്രമുള്ള സമയത്ത് അയൽവാസിയായ വസ്തു ഉടമ മാരകായുധങ്ങളുമായി എത്തി വധഭീഷണി മുഴക്കുകയും, വീടിന്റെ ജനലുകൾ, സോപാനം എന്നിവ അടിച്ചു തർക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തുവെന്നാണ് കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വേണുവിന്റെ ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ള പുരയിടത്തിലാണ് അപകടകരമായി മരങ്ങൾ നിൽക്കുന്നത്. ശിഖരങ്ങൾ ഒടിഞ്ഞു വീണ് വീടിന്റെ പലഭാഗത്തും നാശമുണ്ടായി. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി പറഞ്ഞുവെങ്കിലും സമീപവാസി മുറിച്ചുമാറ്റാൻ തയ്യാറായില്ല. തുടർന്ന് വേണു പൂവച്ചൽ പഞ്ചായത്തിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പൂവച്ചൽ പഞ്ചായത്ത് മരം മുറിച്ചു നീക്കാൻ നിർദ്ദേശം നൽകിയത്. മരം മുറിച്ചതോടെയാണ് പ്രകോപിതനായ വസ്തു ഉടമ രാത്രിയോടെ ഇവരുടെ വീട്ടിലെത്തി അതിക്രമിച്ചു കയറി ഇവരെ ഭീഷണിപ്പെടുത്തുകയും വീടിന് നാശമുണ്ടാക്കുകയും ചെയ്തത്. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.