general

ബാലരാമപുരം: വിവിധ പദ്ധതികൾ വഴി കൈത്തറി മേഖലയെ പരിപോഷിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച വേതനവും ജീവിതസാഹചര്യവും ഒരുക്കുകയുമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നേമത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും കൈത്തറിയിൽ ദേശീയ പതാക നെയ്തെടുത്ത നെയ്ത്ത് തൊഴിലാളി ബി. അയ്യപ്പനെയും, ജില്ലയിലെ മുതിർന്ന 20 നെയ്ത്തുക്കാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. തത്സമയ കൈത്തറി നെയ്ത്ത് പ്രദർശനം, കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ഫാഷൻ ഷോ, വസ്ത്രങ്ങളുടെ പ്രദർശനവും വിപണനവും ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാണിജ്യ വ്യവസായ വകുപ്പും കൈത്തറി ടെക്സ്റ്റൈൽസ് വകുപ്പും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ടി മനോജ്, പഞ്ചായത്ത് അംഗം എൽ.എസ്. അനുശ്രീ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അജിത്ത്, എം.എം. ബഷീർ, പാറക്കുഴി സുരേന്ദ്രൻ, പള്ളിച്ചൽ വിജയൻ, പി. ഷാജി, ഗോപിനാഥൻ, ലിബിൻറോയി എന്നിവർ സംസാരിച്ചു.