വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്ത് കടുക്കാമൂട് വാർഡ് മെമ്പർ സുമത്തിനേയും ഭർത്താവിനേയും മർദ്ദിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകൻ വിനീഷിനെതിരെ ആര്യനാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ട് 4.30തോടെ കടുക്കാമൂട് വച്ച് ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പ് കണക്‌ഷൻ നൽകുന്നതിലെ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

പൈപ്പ് കണക്‌ഷനുമായി ബന്ധപ്പെട്ട പണി നടക്കുന്നിടത്തേക്ക് കരാറുകാരൻ വാർഡ് അംഗത്തെ വിളിച്ചുവരുത്തുകയും പ്രവ‌ൃത്തി സംബന്ധമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തെ സി.പി.എം പ്രവർത്തകൻ അസഭ്യം വിളിക്കുകയും പിടിച്ചുതള്ളുകയും തലയിൽ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

ആര്യനാട് പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച രാത്രിയോടെ ആര്യനാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പ്രതിക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിന്മേലാണ് അർദ്ധരാത്രിയോടെ ഉപരോധം കോൺഗ്രസ് അവസാനിപ്പിച്ചത്.