
നാഗർകോവിൽ: കുളച്ചലിൽ വൃദ്ധയുടെ മാല കവർന്ന സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. കുളച്ചൽ വന്നത്തിവിള റോഡ് സ്വദേശി സത്യന്വേഷിന്റെ ഭാര്യ റോസിലിയുടെ (70) മാല കവർന്ന കേസിലാണ് തിരുവനന്തപുരം പേട്ട പുന്നപുരം സ്വദേശികളായ വൈശാഖ് (32), സുനിത് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
റോസിലിയുടെ കടയിൽ എത്തിയ മോഷ്ടാക്കൾ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന റോസിലിയുടെ കഴുത്തിൽ നിന്ന് മൂന്ന് പവന്റെ മാല കവർന്ന ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
കുളച്ചൽ സ്പെഷ്യൽ ടീം എസ്.ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ് ഇന്നലെ തിരുവനന്തപുരത്തിൽ വച്ച് പ്രതികൾ അറസ്റ്റിലാകുന്നത്. പ്രതികളുടെ കൈയിൽ നിന്ന് 25 പവന്റെ സ്വർണവും,2 ബൈക്കുകളും പിടിച്ചെടുത്തു. കുളച്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.