
പാലോട്: വനാതിർത്തിയിൽ നിന്ന് ഏകദേശം 4 കിലോമീറ്ററിലധികം ദൂരത്തിലുള്ള ചിപ്പൻചിറ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചിപ്പൻചിറ ദേവയാനത്തിൽ അജയകുമാർ, ധാറുൾസലാമിൽ സലാഹുദ്ദീൻ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. വസ്തുവിന്റെ വേലി തകർത്ത് തെങ്ങ്,വാഴ,പ്ലാവ് തുടങ്ങിയവയാണ് നശിപ്പിച്ചത്. പ്രദേശത്ത് ആനയുടെ സാന്നിദ്ധ്യം ആദ്യമായാണ്. ആന ഇനിയും ജനവാസ മേഖലയിൽ എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. ആനയെ കൂടാതെ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും ഈ മേഖലയിൽ രൂക്ഷമാണ്. പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ആന ഇറങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി.