തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയുടെ അച്ഛനെ സ്വകാര്യ ആംബുലൻസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. തീവ്രപരിചരണവിഭാഗത്തിൽ അതിക്രമിച്ചു കയറിയായിരുന്നു മർദ്ദനം. കഴക്കൂട്ടം ചന്തവിള സ്വദേശി റഹീസ്ഖാനെയാണ് ആക്രമിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കായി കാത്തുകിടന്ന മകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്നിൽവച്ചാണ് സംഘം റഹീസ്ഖാനെ മർദ്ദിച്ച് അവശനാക്കിയത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 10ന് മലയിൻകീഴിലെ കുടുംബവീട്ടിൽ നിന്ന് ചന്തവിളയിലെ വാടകവീട്ടിലേക്ക് പോവുകയായിരുന്നു റഹീസ്ഖാനും കുടുംബവും. ഇവർ സഞ്ചരിച്ച ഓട്ടോയിൽ പിന്നിലൂടെ വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞ് മകൾ റയാന ഫാത്തിമയ്ക്ക് (7) ഗുരുതരമായും ഭാര്യ നൗഫിയ, മറ്റുമക്കളായ നഹാസ് (10), അംബത് (9) എന്നിവർക്ക് നിസാരമായും പരിക്കേറ്റു. ഇവരെ ആംബുലൻസിൽതന്നെ ആശുപത്രിയിലെത്തിച്ചശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി. പിന്നാലെയാണ് ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിക്കുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ആംബുലൻസിന് ഓട്ടോ സൈഡ് നൽകാത്തതാണ് അപകടത്തിന് കാരണമെന്നാരോപിച്ചായിരുന്നു മർദ്ദനം.

ആംബുലൻസ് ജീവനക്കാർ റഹീസ്ഖാനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇയാളുടെ ബന്ധു ഷാരൂഖ് ഖാനും (21) മർദ്ദനമേറ്റു. അച്ഛനെ തല്ലരുതെന്ന് മകൻ നഹാസ് കരഞ്ഞുപറഞ്ഞിട്ടും അക്രമികൾ പിൻവാങ്ങിയില്ല. മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് നഹാസിനെയും ഇവർ തള്ളിയിട്ടു. അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രണ്ട് സുരക്ഷാ ജീവനക്കാരും പിന്നാലെയെത്തിയ പൊലീസും തടയാൻ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. മർദ്ദനദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. എസ്.എ.ടി സൂപ്രണ്ടും റഹീസ്ഖാന്റെ കുടുംബവും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.