p

തിരുവനന്തപുരം: പണം മുടക്കാൻ തയ്യാറാണെങ്കിൽ, പശുക്കളെ കൂട്ടത്തോടെ വളർത്താൻ സർക്കാർ സ്ഥലവും സൗകര്യവും ഒരുക്കിത്തരും. പരിപാലിക്കാനാവശ്യമായ സംവിധാനങ്ങളും ഒരുക്കും. ഒരു സ്ഥലത്തുത്തന്നെ നിരവധി പേരുടെ പശുവളർത്തൽ കേന്ദ്രങ്ങൾ

സജ്ജമാക്കുന്ന സംവിധാനം ഡെയറി പാർക്ക് എന്ന പേരിലായിരിക്കും പ്രവർത്തിക്കുന്നത്. ഐ.ടി പാർക്കുകളിൽ സ്ഥാപനങ്ങൾ നടത്തുന്നതുപോലെ ആർക്കുവേണമെങ്കിലും ഡെയറി ഫാം നടത്താം. ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്വയം സഹായ സംഘങ്ങൾക്കും അവസരം ലഭിക്കും. പരിപാലനത്തിനും ചികിത്സയ്ക്കും മാത്രമല്ല, പാൽ വില്പനയ്ക്കും ബുദ്ധിമുട്ടുണ്ടാവില്ല.

ആദ്യം ഇടുക്കി കോലാഹലമേട്ടിൽ സ്വന്തമായുള്ള നൂറേക്കറിൽ നടപ്പാക്കാനാണ് കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡിന്റെ തീരുമാനം.

വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ വിദഗ്ദ്ധ സമിതിയെ ഉടൻ നിയോഗിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കും. ഒരു വർഷത്തിനകം ആരംഭിക്കും.

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കുറഞ്ഞത് അഞ്ച് ഏക്കറെങ്കിലും ലഭ്യമാക്കിയാൽ സംസ്ഥാന വ്യാപകമായി ഡെയറി പാർക്കുകൾ തുടങ്ങാനും പദ്ധതിയുണ്ട്.

എല്ലാ സൗകര്യവും

ഒരു കുടക്കീഴിൽ

# കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യം

# ഉടനടി ലൈസൻസ്

# കുറഞ്ഞ വിലയ്ക്ക് കേരള ഫീഡ്സിന്റെ കാലിത്തീറ്റ

# പാൽ സംഭരണം മിൽമ നേരിട്ട്

# മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാം

# ചികിത്സയ്ക്കു സൗകര്യം

# വളം നിർമ്മാണം എഫ്.എ.സി.ടിയ്ക്ക്

`വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കും. ഒരു വർഷത്തിനകം ആരംഭിക്കാനാണ് ശ്രമം.'

- ഡോ .ആർ. രാജീവ്
മാനേജിംഗ് ഡയറക്ടർ
കെ.എൽ.ഡി ബോർഡ്