വർക്കല: സ്കൂൾ - കോളേജ് പരിസരങ്ങളും മറ്റും കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വിറ്റ മൂന്നംഗ സംഘത്തെ വർക്കല പൊലീസ് പിടികൂടി. വള്ളക്കടവ് വലിയവീട്ടിൽ സിദ്ദിഖ് ഷമീർ (32), വർക്കല കൈതകോണം സലീന മൻസിലിൽ അൻസാരി (42), പാലച്ചിറ ജാസ്മി മൻസിലിൽ വാഹിദ് (70) എന്നിവരാണ് പിടിയിലായത്. ശംഭു, കൂൾ, ചൈനി കൈനി എന്നിവ വൻതോതിൽ സംഭരിച്ച് വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഘത്തിലെ ഒരാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തി. വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നിർദ്ദേശപ്രകാരം സി.ഐ എസ്‌. സനോജ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, ശരത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷൈൻ, ലിജോ ടോം ജോസ്, എസ്‌.സി.പി.ഒമാരായ ഷിബു, ഷിജു, വിനോദ്, സാംജിത്ത്, സി.പി.ഒമാരായ പ്രശാന്തകുമാരൻ, സുരേഷ്, ജസീൻ, ബ്രിജിലാൽ, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് ലഹരി വില്പനക്കാരെ പിടികൂടിയത്.