തിരുവനന്തപുരം: സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായി കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഭാവിജീവിതം നല്ല രീതിയിലേക്ക് ഉയർത്താനും ആവശ്യമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബാലാവകാശ കമ്മിഷൻ സംഘടിപ്പിച്ച ഫെസ്റ്റ് ഒഫ് ഹാപ്പിനസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നത്. വളരെ ശ്രദ്ധയും കരുതലും ബാല്യകാലത്തിൽ ലഭിക്കണം. സമൂഹത്തിലുണ്ടാകുന്ന വേർതിരിവുകളൊന്നും ബാധകമാകാത്ത ഘട്ടമാണ് ബാല്യം. എന്നാൽ, നിർഭാഗ്യവശാൽ പലർക്കും ആ ഘട്ടത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അതില്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായി. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, കമ്മിഷൻ അംഗം ബബിത ബൽരാജ്, സെക്രട്ടറി ടി.കെ.ജയശ്രീ എന്നിവർ സംസാരിച്ചു.