
ആറ്റിങ്ങൽ: ജീവനക്കാരുടെ അഭാവംകാരണം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. പകർച്ചപ്പനി പടരുകയും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനകൂടിയായതോടെ ഉള്ള ജീവനക്കാർ ആകെ വലയുകയാണ്. ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ് ഇവിടെ പ്രശ്നമാകുന്നത്.
അത്യാഹിത വിഭാഗത്തിന് പുറമേ ജനറൽമെഡിസിൻ, ശസ്ത്രക്രിയ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, ഇ.എൻ.ടി, നേത്രരോഗം, ത്വക് രോഗം, അനസ്തീഷ്യ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. അത്യാഹിതവിഭാഗത്തിൽ ആറ് ഡോക്ടർമാരുടെ സേവനം ആവശ്യമുണ്ട്. എന്നാൽ രണ്ട് സി.എം.ഒ തസ്തികയാണ് അനുവദിച്ചിട്ടുള്ളത്. മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരെ അത്യാഹിതവിഭാഗത്തിലേക്ക് നിയോഗിച്ചാണ് കുറവ് പരിഹരിക്കുന്നത്. രാത്രികാലങ്ങളിൽ പലപ്പോഴും അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുണ്ടാവുക.
അസ്ഥിരോഗ വിദഗ്ദ്ധരുടെ രണ്ട് തസ്തിക ആശുപത്രിയിലുണ്ടെങ്കിലും ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇവിടെയുണ്ടായിരുന്ന ഒരു ഡോക്ടർ 2021 ഡിസംബർ 15 മുതൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
ഗൈനക് വിഭാഗത്തിൽ രണ്ട് ഡോക്ടർമാരും മറ്റ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരുമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരെ മറ്റ് ജോലികൾക്കും, അത്യാഹിതവിഭാഗത്തിലേക്കും നിയോഗിക്കുമ്പോഴും ഡോക്ടർമാർ അവധിയിൽ പോകുമ്പോഴും സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ മുടങ്ങും.
വലിയകുന്ന് ഗവ.ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തിയത് 2009 ലാണ്. അന്ന് അനുവദിച്ച തസ്തികകൾ തന്നെയാണ് ഇപ്പോഴും ഉള്ളത്. 60 കിടക്കകളുള്ള ആശുപത്രിയിൽ എപ്പോഴും അമ്പതിലധികം രോഗികൾ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. ആശുപത്രി നിരീക്ഷണം ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ഇവിടേക്ക് അയയ്ക്കാറുണ്ട്.
17 ഡോക്ടർമാരുൾപ്പെടെ ആകെ 71 ജീവനക്കാരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. രോഗികളുടെ അനുപാതം അനുസരിച്ച് ആറ് ഡോക്ടർമാരും ആർ.എം.ഒയും ഉൾപ്പെടെ 71 തസ്തിക കൂടി ഇവിടെ അനുവദിക്കണമെന്ന് കാട്ടി 2019 ഓഗസ്റ്റ് 20ന് താലൂക്കാശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് പരിഗണിക്കാതെ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ സേവനത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ് ആരോഗ്യ വകുപ്പ് ചെയ്തത്.