തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ അനന്തപുരിയുടെ സ്വാതന്ത്ര്യപ്രക്ഷോഭ ഭൂമികളിലൂടെ ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി സംഘടിപ്പിക്കുന്ന ആസാദി ജ്വാല പ്രയാൺ ഇന്നുമുതൽ വക്കം ഖാദർ രക്തസാക്ഷിത്വദിനമായ സെപ്തംബർ 10 വരെ നടക്കും. പ്രയാണം വൈകിട്ട് രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. മന്ത്രിമാരും സാംസ്കാരിക നായകരും പങ്കെടുക്കും.
ഇന്ന് ആറ്റിങ്ങലിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ട് 5ന് ശംഖുംമുഖം ബീച്ചിൽ നടക്കുന്ന സ്വാതന്ത്ര്യസമര സ്മൃതി സാഗരം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. 12ന് കിളിമാനൂരിൽ വക്കം മൗലവി സ്മാരക പ്രഭാഷണവും 13ന് പോത്തൻകോട്ട് ദേശഭക്തിഗാന മത്സരവും നടത്തും.14ന് കോളാഷ് ഹാളിൽ ജില്ലാതല ചിത്രരചനാമത്സരം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. 15ന് സ്വാതന്ത്ര്യ ദിനാചരണവും 16ന് തിരുവനന്തപുരത്ത് ലോക സമാധാന കാമ്പെയിനും നടത്തും. 20ന് കല്ലറ പാങ്ങോട് കലാപ സ്മൃതി സമ്മേളനത്തിൽ പുഷ്പാർച്ചന,ആദരിക്കൽ എന്നിവയുണ്ടാകും. 21ന് ആറ്റിങ്ങലിൽ സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കി ജില്ലാതല ക്വിസ് മത്സരം നടത്തും. 24ന് വൈകിട്ട് 5.30ന് അഞ്ചുതെങ്ങ് കോട്ടയ്ക്കു മുന്നിൽ നടക്കുന്ന കലാപജ്വാല സായാഹ്നം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.26ന് തിരുവനന്തപുരത്ത് നടക്കുന്ന 'ധീര സൈനികർക്ക് ആദരം' മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യു. 27ന് 'ആറ്റിങ്ങൽ കലാപം / അഞ്ചുതെങ്ങ് പ്രതിരോധം' എന്ന വിഷയത്തിൽ സംവാദം നടത്തും. 29ന് മാദ്ധ്യമ സെമിനാർ - വിഷയം : 'വാർത്ത മാദ്ധ്യമങ്ങൾ : സ്വാതന്ത്ര്യ സമര കാലം മുതൽ വർത്തമാനകാലം വരെ'. 31ന് രാവിലെ നെയ്യാറ്റിൻകരയിൽ നെയ്യാറ്റിൻകര വെടിവയ്പ് സ്മൃതി സംഗമം നടത്തും. സെപ്തംബർ 4ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ സാംസ്കാരിക സംഗമവും 6ന് ജില്ലാതല ഉപന്യാസ രചന മത്സരവും നടക്കും.